KeralaNEWS

രണ്ടരവര്‍ഷമായി കിഫ്ബിയുമായി ബന്ധമില്ല; ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക്

കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ തനിക്ക് ലഭ്യമല്ലെന്നും ഇഡിയോട് ഒന്നും പറയാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.

‘എന്ത് ചെയ്യാന്‍ പാടില്ലായെന്നു കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമന്‍സും. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഡിയുടെ സമന്‍സിനു വിശദമായ മറുപടി നല്‍കി. ഇഡി വീണ്ടും ഇതേന്യായങ്ങള്‍ പറഞ്ഞ് സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിനു കോടതിയെ സമീപിക്കും’ – തോമസ് ഐസക് പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറല്‍ എവിഡന്‍സ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമന്‍സ്. ആദ്യം നല്‍കിയ രണ്ടു സമന്‍സുകള്‍ കേരള ഹൈക്കോടതിയില്‍ താന്‍ ചോദ്യം ചെയ്തിരുന്നു. തന്റെ ഹര്‍ജി പൂര്‍ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച തന്റെ ഹര്‍ജികളില്‍ ഞാന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ കോടതി അംഗീകരിച്ചൂ എന്നാണര്‍ഥമെന്നും ഐസക് പറഞ്ഞു.

‘ഇപ്പോള്‍ ഇഡി നല്‍കിയിരിക്കുന്ന പുതിയ സമന്‍സ് കോടതി വിധിയുടെ ഈ അന്തസത്തയെ മാനിക്കാത്തതും, എന്താണോ കോടതി പാടില്ലെന്നു പറഞ്ഞത്, അതേരീതിയിലുള്ള വഴിവിട്ട നടപടിയുമാണ്. മറ്റൊരു റോവിംഗ് അന്വേഷണത്തിനാണ് ഇഡി തുനിയുന്നത്. ഇതു നിയമവിരുദ്ധവും കോടതിവിധിയുടെ ലംഘനവുമാണ്. പഴയ സമന്‍സുകള്‍ എന്തുകൊണ്ടാണോ പിന്‍വലിക്കാന്‍ ഇഡി നിര്‍ബന്ധിതമായത്, അതേ സ്വഭാവത്തിലുള്ള സമന്‍സാണ് ഇപ്പോഴത്തേതും. ബഹുമാനപ്പെട്ട കോടതി എന്താണോ പാടില്ലെന്നു പറഞ്ഞത്, അതേ രീതി ആവര്‍ത്തിക്കുന്ന ഈ സമന്‍സ് പിന്‍വലിക്കണം എന്നാണ് ഇഡിയ്ക്ക് ഇന്നു കൊടുത്ത മറുപടിയിലെ എന്റെ ആവശ്യം’- ഐസക് പറഞ്ഞു.

 

Back to top button
error: