കന്യാകുമാരിയിൽ പള്ളിമേടയിൽ മുൻ പള്ളി കമ്മിറ്റി അംഗം കൊല്ലപ്പെട്ടു. മൈലോഡ് സെന്‍റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിനുള്ളിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ സേവ്യർ കുമാറിനെയാണ് തുണി തേക്കുന്ന തേപ്പുപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
പള്ളിയിൽ ഫണ്ട് തിരിമറി നടന്നതായി നേരത്തെ സേവ്യർ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ജോലി ചെയ്തിരുന്ന സേവ്യറിന്റെ ഭാര്യയെ സസ്പെൻഡ് ചെയ്യ്തു. സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നൽകണമെന്നും എങ്കിൽ മാത്രമേ സസ്‌പെൻഷൻ പിൻവലിക്കൂ എന്നുമായിരുന്നു പള്ളി വികാരി റോബിൻസൺ പറഞ്ഞത്. ഇതിനായി പള്ളിമേടയിൽ എത്തിയ സേവ്യറിനെ കമ്മിറ്റി അംഗങ്ങൾ ചേർന്ന് ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പള്ളി വികാരി റോബിൻസൺ അടക്കം 13 പേർ ഒളിവിൽ പോയി. പള്ളിമേടയിൽ ഹാർഡ് ഡിസ്‌കുമായിട്ടാണ് ഇവർ ഒളിവിൽ പോയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജതമാക്കിയിട്ടുണ്ട്.