KeralaNEWS

മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി അമ്മക്ക് പൊതു ദർശനം കുമളി ബസ് സ്റ്റാൻഡിൽ, സംസ്ക്കാരം പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ  അട്ടപ്പള്ളം സെന്റ് തോമസ് പള്ളിയിൽ

    മക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ആരും സംരക്ഷിക്കാനില്ലാതെ ജീവിതത്തിൻ്റെ അന്ത്യ നാളുകളിലെ കടുത്ത രോഗാവസ്ഥയിൽ തനിച്ചായി ഒടുവിൽ മരണത്തിന് കീഴടങ്ങിയ  കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു എന്ന 76 വയസുകാരിയ്ക്ക് നാട് ഒരുമിച്ച് യാത്രമൊഴിയേകി. കുമളി ബസ് സ്റ്റാൻഡിലായിരുന്നു പൊതുദർശനം.

ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകയാതന അനുഭവിച്ച അന്നക്കുട്ടി മാത്യു  വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമാണുള്ളത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലായപ്പോൾ രണ്ട് മക്കൾക്കും ആ അമ്മ ഒരു ഭാരമായി. ഒടുവിൽ ഒരു വാടക വീടെടുത്ത് നൽകി അന്നക്കുട്ടിയെ ഉപേക്ഷിച്ച് മക്കൾ സ്വന്തം ജീവിതം നോക്കി പോയി. ആ അമ്മ അതോടെ പാതി മരിച്ചു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി വീട്ടിൽ മറിഞ്ഞുവീഴുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതോടെയാണ് ദുരിതക്കയത്തിലായത്.

മക്കൾ സംരക്ഷിക്കാനില്ലാതെ ഒരു അമ്മ അട്ടപ്പള്ളത്ത് ദുരിതം അനുഭവിക്കുന്നുവെന്ന പരാതി വെള്ളിയാഴ്ച കുമളി പോലീസിന് ലഭിച്ചതോടെ ഉദ്യോ​ഗസ്ഥർ വീട്ടിലെത്തി. ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ
കുമളി സി.ഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവർഷത്തോളമായി കഴിഞ്ഞിരുന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. കേരള ബാങ്കിൽ ജോലി ചെയ്യുന്ന മകൻ പക്ഷേ അമ്മയെ തിരിഞ്ഞു നോക്കാറില്ലായിരുന്നു.

അന്നക്കുട്ടിയെ പരിചരിക്കാൻ മകനും മകളും എത്താതിരുന്നതോടെ വനിതാപോലീസിനെ നിയോഗിച്ച് സംരക്ഷണം കുമളി പോലീസ് എറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഒരു പോലീസ് ഉദ്യോഗസ്ഥ, ആ അമ്മയ്ക്ക് തണലായി ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ മരണം സംഭവിച്ചു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തികരിച്ച് കുമളി പോലീസ് പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിയിൽ സംസ്കരിച്ചു.

ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ്ബ് കളക്ടർ അരുൺ എസ്. നായർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംസ്ക്കാരം നടന്നത്.

Back to top button
error: