KeralaNEWS

തെറിച്ചുവീണ ഫുട്ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഭാരതപ്പുഴയിൽ 2 വിദ്യാർത്ഥികൾ മുങ്ങിത്താണു: കായങ്കുളത്തും തൃശൂരിലും മലപ്പുറത്തുമായി 6  കുട്ടികൾ മുങ്ങി മരിച്ചു

മലപ്പുറം: രണ്ട് വിദ്യാർത്ഥികൾ ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. തവനൂർ കാർഷിക എൻജിനിയറിങ് കോളേജിലെ ഓഫീസ് സൂപ്രണ്ടും കോഴിക്കോട് അയിനിക്കാട് സ്വദേശിയുമായ താഴേക്കുനിയിൽ മോളിയുടെ മകൻ ആയുർ എം. രാജ് (13), മോളിയുടെ സഹോദരി ഇന്ദിരയുടെ മകൻ അശ്വിൻ (11) എന്നിവരാണ് ഭാരതപ്പുഴയിൽ മുങ്ങിമരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ബ്രഹ്മക്ഷേത്രക്കടവിന് സമീപത്താണ് അപകടമുണ്ടായത്. കോളജ് ക്വാർട്ടേഴ്‌സിലാണ് മോളി താമസിക്കുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനായാണ് സഹോദരി ഇന്ദിര ശനിയാഴ്ച ഇവിടേക്കുവന്നത്.

സഹോദരിമാർ ഇരുവരും ക്ഷേത്രദർശനത്തിനായി ഞായറാഴ്ച ഗുരുവായൂരിലേക്കു പോയപ്പോഴാണ് മറ്റുകുട്ടികൾക്കൊപ്പം ആയുർ രാജും അശ്വിനും ഫുട്‌ബോൾ കളിക്കാനായി  ഇറങ്ങിയത്.

കളിക്കുന്നതിനിടെ പുഴയിലെ വെള്ളക്കെട്ടിൽ തെറിച്ചു വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ചുഴിയിൽ അകപ്പെട്ടത്. മറ്റു കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് കുട്ടികളെ പുറത്തെടുത്തത്. ഇരുവരേയും ഉടൻ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തൃശൂരിൽ പാറക്കുളത്തിൽ വീണ് രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചത്. കുന്നംകുളം പന്തല്ലൂർ പാറക്കുളത്തിലാണ് സഹോദരിമാരായ  ഹസ്നത് (13), മഷീദ (9) എന്നിവരാണ് മുങ്ങി മരിച്ചത്. പിതാവിനൊപ്പം പെണ്‍കുട്ടികള്‍ കാല് കഴുകാന്‍ കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.
പ്രദേശവാസികള്‍ പെണ്‍കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കായംകുളത്ത് തീരാത്ത നൊമ്പരം

ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥിൾ മുങ്ങി മരിച്ചതിന്‍റെ വേദനയിലാണ് ഇപ്പോഴും കായംകുളത്തുകാർ. കായംകുളം പത്തിയൂർ പഞ്ചായത്ത് ഗവ: ഹൈസ്കൂളിലെ 10 -ാം ക്ലാസ്സ് വിദ്യാർത്ഥികളായ സൽമാൻ (15), തുഷാർ (15) എന്നിവരാണ് ഇന്നലെ ഇവിടെ മുങ്ങി മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ പത്തിയൂർ പടിഞ്ഞാറ് കണ്ടത്തിൽ പറമ്പിൽ നൗഷാദിന്‍റെയും ഷംലയുടെയും മകനാണ് സൽമാൻ. കല്ലുപുരയിൽ തെക്കതിൽ തുളസിധരന്‍റെയും ഗംഗാമ്മയുടെയും ഇളയ മകനാണ് തുഷാർ.
പത്തിയൂരിന് സമീപമുള്ള കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ്  മറ്റൊരു വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോകാൻ പുറപ്പെട്ടതാണ് ഇരുവരും. എന്നാൽ കുട്ടികൾ ട്യൂഷനു പോകാതെ ഇവരുടെ സുഹൃത്തുക്കളായ 10 കുട്ടികളോടൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോയി. മരിച്ച രണ്ടു കുട്ടികളും ആഴത്തിലുളള കയത്തിൽ അകപ്പെട്ടു. രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാവേലിക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Back to top button
error: