തിരുവനന്തപുരം: ലോക ജേതാക്കളായ അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയത്. കേരളത്തിന്റെ ക്ഷണം അര്‍ജന്റൈന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ചെന്നും ഇതിഹാസ താരം ലയണല്‍ മെസ്സി അടക്കം ലോകകപ്പ് നേടിയ എല്ലാ ടീം അംഗങ്ങളും കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറില്‍ രണ്ടു പ്രദര്‍ശന മത്സരങ്ങളാണ് ലോക ജേതാക്കള്‍ കളിക്കുക. ഇതിലൊന്ന് മലപ്പുറത്താണ്. രണ്ടാം വേദി നിശ്ചയിച്ചിട്ടില്ല.
ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ നേരത്തെ അര്‍ജന്റീന സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പണമില്ലാത്തതിന്റെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അതു നിരാകരിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ രണ്ട് സൗഹൃദ മത്സരം (ഒന്ന് ബംഗ്ലാദേശില്‍) കളിക്കാനായിരുന്നു ആലോചന. എന്നാല്‍ അര്‍ജന്റീന ആവശ്യപ്പെട്ട വലിയ തുക കണ്ടെത്താന്‍ പ്രയാസമാണെന്നാണ് അന്നത്തെ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍ മേധാവി പാബ്ലോ ജോക്വിനാണ് ഇന്ത്യന്‍ ഫെഡറേഷനുമായി ബന്ധപ്പെട്ടിരുന്നത്.
ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയ്ക്ക് ആതിഥ്യമൊരുക്കാന്‍ രംഗത്തെത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള ദേശീയ ടീമുകളിലൊന്നായ അര്‍ജന്റീനയെ കേരളത്തിലെത്തിക്കാന്‍ 4-5 ദശലക്ഷം ഡോളര്‍ (ഏകദേശം 32-40 കോടി ഇന്ത്യന്‍ രൂപ) ചെലവഴിക്കണം എന്നാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ലോക റാങ്കിങ്ങില്‍ ഏറെ താഴയുള്ള ഇന്ത്യന്‍ ടീമുമായി അര്‍ജന്റീന കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ റാങ്കിങ്ങില്‍ മുകളില്‍ നില്‍ക്കുന്ന ടീമിനെ കേരളം കണ്ടെത്തേണ്ടി വരും. ഇതിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ സഹായവും ആവശ്യമായി വരും.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ഡോട് കോമിന്റെ വിലയിരുത്തല്‍ പ്രകാരം 6334 കോടി രൂപയാണ് അര്‍ജന്റൈന്‍ ദേശീയ ടീമിന്റെ ആകെ മൂല്യം. മൂല്യത്തില്‍ ആറാമതാണ് സംഘം. 9196 കോടി മൂല്യമുള്ള ഇംഗ്ലണ്ടാണ് ഒന്നാമത്. 8736 കോടി മൂല്യവുമായി ബ്രസീല്‍ രണ്ടാമതു നില്‍ക്കുന്നു. 8496 കോടി മൂല്യമുള്ള ഫ്രാന്‍സാണ് മൂന്നാമത്. പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.
2011ല്‍ ഇന്ത്യയില്‍ കളിച്ച ടീമാണ് അര്‍ജന്റീന. കൊല്‍ക്കത്ത സാള്‍ട്ട്ലേക്കില്‍ നടന്ന മത്സരത്തില്‍ വെനിസ്വലയായിരുന്നു എതിരാളി. 85,000 കാണികള്‍ക്ക് മുമ്പില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.