IndiaNEWS

രാമക്ഷേത്രത്തിനുള്ള സംഭാവനയില്‍ 50% വരെ നികുതി ഇളവ് നേടാം; എങ്ങനെയെന്ന് അറിയാമോ?

മുംബൈ: സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് അയോധ്യയിലെ ഭൂമിയുടെ അവകാശത്തെ കുറിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന തര്‍ക്കം അവസാനിച്ചത്. തുടര്‍ന്ന് കോടിതയുടെ തന്നെ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഒരു സമിതി രൂപീകരിച്ചു. ‘ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്’ എന്ന പേരിലാണ് ഇതു അറിയപ്പെടുന്നത്. ആഗോള തലത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിലേക്ക് സംഭാവന ഒഴുകി എത്തിയിരുന്നു.

രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സജ്ജമാക്കിയിട്ടുള്ള വെബ്‌സൈറ്റ് മുഖേന, വിശ്വാസികള്‍ക്കും താത്പര്യം ഉള്ളവര്‍ക്കും ക്ഷേത്ര നിര്‍മാണത്തിനായി സംഭാവന കൈമാറാവുന്നതാണ്. ചെക്ക്/ ഡിഡി മുഖേനയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവന നല്‍കാവുന്നതാണ്. ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അറിയിപ്പ് പ്രകാരം ‘അയോധ്യ രാം മന്ദിര്‍ ട്രസ്റ്റ്’ എന്ന പേരിലേക്ക് സംഭാവന ചെയ്യുന്ന തുകയിന്മേല്‍ മറ്റ് ബാങ്കിങ് ചാര്‍ജുകളൊന്നും തന്നെ ഈടാക്കുന്നില്ല.

Signature-ad

രാമക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഓണ്‍ലൈന്‍ വഴി സംഭാവന ചെയ്യുമ്പോള്‍, പേയ്‌മെന്റ് ഗേറ്റ്‌വേ മുഖേനയാണ് പണം കൈമാറുന്നതെങ്കില്‍ ആ പണമിടപാട് പൂര്‍ത്തിയാകുന്ന വേളയില്‍ തന്നെ സംഭാവനയുടെ രസീത് ലഭിക്കുന്നതാണ്. അതേസമയം യുപിഐ/ ക്യുആര്‍ കോഡ്/ ഐഎംപിഎസ്/ ഡിഡി/ ചെക്ക് തുടങ്ങിയ മാര്‍ഗങ്ങളില്‍ സംഭാവന നല്‍കുന്നവര്‍ക്ക്, വിശദാംശം നോക്കിയ ശേഷമായിരിക്കും അയോധ്യ രാം മന്ദിര്‍ ട്രസ്റ്റിന്റെ പക്കല്‍ നിന്നും സംഭാവന രസീത് ലഭിക്കുക. അതിനാല്‍ സംഭാവന ചെയ്തുകഴിഞ്ഞ് 15 ദിവസത്തിനു ശേഷം വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രസീത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ശ്രീം രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അറിയിപ്പില്‍, രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവനയ്ക്ക് നികുതി ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‘ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര’ എന്ന സ്ഥലം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതെന്നും പൊതു ആരാധനയാലയം എന്ന നിലയില്‍ കണക്കാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇക്കാര്യം 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തിലുമായിട്ടുണ്ട്.

അതിനാല്‍ ‘ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര’യുടെ ‘AAZTS6197B’ എന്ന പാന്‍ നമ്പറുള്ള അക്കൗണ്ടിലേക്ക് രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യുന്ന തുകയുടെ 50 ശതമാനത്തിനു വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ ചട്ടം 80-ജി(2)(ബി) പ്രകാരമാണ് നികുതി ആനുകൂല്യം ലഭിക്കുക. എന്നാല്‍ കറന്‍സിയായി നല്‍കുന്ന സംഭാവനയില്‍ 2000 രൂപ വരെയുള്ള തുകയ്ക്ക് മാത്രമേ നികുതി ഇളവ് ലഭ്യമാകുകയുള്ളു.

അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ 2024 ജനുവരി 22ന് അരങ്ങേറുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെയും പൂര്‍ണ സഹകരണത്തോടെയാണ് വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകള്‍ നടത്തപ്പെടുന്നത്.

 

 

Back to top button
error: