വിശാഖപട്ടണം: ആന്ധ്രയില്‍ സമഗ്ര ജാതി സെന്‍സസ് നടത്താന്‍ തീരുമാനം. നടപടികള്‍ ഇന്ന് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജഗന്മോഹന് സര്‍ക്കാര്‍. ഡോ. ബി ആര് അംബേദ്കറിന്റെ, രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസമാണ് ആന്ധ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപടികളും തുടങ്ങുന്നത്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടക്കാനിരിക്കുന്ന ആന്ധ്രയില്‍ ജഗന്മോഹന്റെ നിര്‍ണായക നീക്കമാണിത്. ഗ്രാമസെക്രട്ടേറിയറ്റ് സംവിധാനം പൂര്‍ണമായി ഉപയോഗിച്ചാകും സെന്‍സസ് വിവരശേഖരണം. ഇതിനായി സന്നദ്ധപ്രവര്‍ത്തകരെയും നിയമിക്കും. കഴിഞ്ഞ ഏപ്രിലില്‍ ജാതി, ജനസംഖ്യാ സെന്സസുകള് ഒരുമിച്ച് നടപ്പാക്കണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.
ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് ജഗന്മോഹന് റെഡ്ഡി കത്തും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ഉടനെയൊന്നും ജാതിസെന്‍സസ് നടപ്പാക്കില്ല എന്നുറപ്പായതോടെയാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതിസെന്‍സസ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ജഗന്മോഹന് വ്യക്തമാക്കുന്നു.