CrimeNEWS

മഹാരാജാസില്‍ എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചത് 20 അംഗ സംഘം; വടിവാളുകൊണ്ട് കുത്തി, 2 പേര്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ട്പേര്‍ പോലീസ് പിടിയില്‍. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാല്‍, കെഎസ്യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമല്‍ ടോമി എന്നിവരെയാണ് പോലീസ് പിടികൂടിയത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമാണ് നാസര്‍.

പരിക്കേറ്റ നാസറിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനുസമീപത്ത് വെച്ച് ഇരുപതോളം ഫ്രറ്റേണിറ്റി, കെഎസ്യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാസര്‍ അബ്ദുള്‍ റഹ്‌മാനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കൂട്ടത്തോടെയെത്തി ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

Signature-ad

ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

Back to top button
error: