KeralaNEWS

പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരിൽ, ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും; മോദിക്ക് ദേവസ്വത്തിന്റെ സമ്മാനം തേക്കിൽ തീർത്ത ​ഗുരുവായൂരപ്പന്റെ ദാരുശിൽപം 

         ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂരപ്പൻ്റെ  ദാരുശിൽപവും ചുമർചിത്രവും ഗുരുവായൂർ ദേവസ്വം സമ്മാനിക്കും. ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ഗുരുവായൂരപ്പൻ്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും. ഇന്ന് രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തുക.

19 ഇഞ്ച് ഉയരമുള്ള തേക്കുമരത്തിൽ തീർത്ത ഗുരുവായൂരപ്പൻ്റെ ദാരുശിൽപം പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ് നിർമിച്ചത്.
നാലര ദിവസം കൊണ്ടാണ് ശില്പം പൂർത്തിയായത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു.

ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത്. 70 സെന്റിമീറ്റർ  നീളവും 55 സെന്റിമീറ്റർ വീതിയുമുള്ള കാൻവാസിലാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചവർണ്ണമാണ് ഉപയോഗിച്ചത്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. താഴെ ശ്രീഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നു.

രാവിലെ എഴുമണിയോടെ ഗുരുവായൂര്‍ ദേവസ്വം ശ്രീകൃഷ്ണ കോളജില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടര മണിക്കൂറോളം ഗുരുവായൂരില്‍ ഉണ്ടാകും.  രാവിലെ 7.15 ഓടെ ദേവസ്വം അതിഥിമന്ദിരമായ ശ്രീവല്‍സത്തില്‍ പ്രധാനമന്ത്രി എത്തിച്ചേരും. 15 മിനിട്ട് വിശ്രമം, 7.40 ന് ക്ഷേത്രത്തിലെത്തും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9:30ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഗുരുവായൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി.

Back to top button
error: