NEWSWorld

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: വിവേക് രാമസ്വാമി പിന്മാറി, ട്രംപിനെ പിന്തുണയ്ക്കും

വാഷിങ്ടണ്‍: പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള തിരഞ്ഞെടുപ്പില്‍നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറി. അയോവയില്‍ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് 38കാരനായ വിവേക് മത്സര രംഗത്തുനിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവേക് രാമസ്വാമിക്കെതിരെ വിമര്‍ശനവുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. വിവേകിന് വോട്ടു ചെയ്താല്‍ അത് മറുവശത്താണ് ഉപകരിക്കുകയെന്നും പറഞ്ഞു. വിവേകിന് പിന്തുണ വര്‍ധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപ് വിമര്‍ശനവുമായി രംഗത്തുവന്നത്.

Signature-ad

നേരത്തെ ട്രംപിനെ 21ാം നൂറ്റാണ്ടിലെ മികച്ച പ്രസിഡന്റാണെന്ന് വിവേക് വിശേഷിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പുതിയ സ്ഥാനാര്‍ഥിയെ ആഗ്രഹിക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയെന്ന് വിവേക് പറഞ്ഞു. വിവേകിന്റെ പിന്മാറ്റത്തോടെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ, ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവരാണ് ട്രംപിനെതിരെ മത്സര രംഗത്തുള്ള മറ്റു സ്ഥാനാര്‍ഥികള്‍. അയോവയില്‍ ഡോണള്‍ഡ് ട്രംപിന് 25,813 വോട്ടും ഡി സാന്റിസിന് 10,036 വോട്ടും നിക്കി ഹാലെയ്ക്ക് 9,387 വോട്ടുമാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 3,805 വോട്ട് ലഭിച്ചു.

Back to top button
error: