പട്ടിണികിടക്കുന്നവൻ കിട്ടിയ ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്, ഉപ്പിനേക്കാള്‍ ഉയിരാണ് വലുത്
വെളിച്ചം
ആഴ്ചകളായി നീണ്ടുനിന്ന മഴയ്ക്ക് ശമനമായി. മാനം തെളിഞ്ഞപ്പോള്‍ അയാള്‍ മീന്‍ പിടിക്കാനായി പോയി. അധികം വൈകുംമുമ്പേ ചൂണ്ടയില്‍ ഒരു മീന്‍ കൊത്തി. വലിച്ചുനോക്കിയപ്പോള്‍ ഒരു ചെറുമീന്‍. വലുപ്പം കുറയായതിനാല്‍ അയാള്‍ അതിനെ നദിയിലേക്ക് തന്നെ വലിച്ചെറിഞ്ഞു.
പക്ഷേ, പിന്നീടുകിട്ടിയമീനുകളെല്ലാം ആദ്യം കിട്ടിയതിനേക്കാള്‍ ചെറുതായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും വലുപ്പമുളള ഒരു മീൻപോലും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയില്ല. വലിച്ചെറിഞ്ഞുകളഞ്ഞ മീനുകള്‍ തന്നെ മതിയായിരുന്നു എന്ന തിരിച്ചറിവില്‍ നിരാശയോടെ അയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോയി.
പട്ടിണികിടക്കുന്നവര്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്. രുചിയേക്കാള്‍ വലുതാണ് ഉയിര്. വിശക്കുന്നവന്‍ എന്തുകിട്ടിയാലും കഴിക്കും, കഴിക്കണം…
എന്നാല്‍ വയറുനിറഞ്ഞവന്‍ ഏറ്റവുമിഷ്ടമുളളതുപോലും കഴിക്കണമെന്നില്ല. ആഗ്രഹത്തിലോ അഭിനിവേശത്തിലോ തെറ്റില്ല. അവയൊരു ആസക്തിയായി മാറുന്നതിലാണ് കുഴപ്പം. മാത്രമല്ല, ആഗ്രഹങ്ങള്‍ നേടാനുള്ള നെട്ടോട്ടത്തില്‍ വന്നുചേരുന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാതെയിരിക്കുന്നതും പുച്ഛിച്ചുതള്ളുന്നതും തെറ്റുതന്നെയാണ്. ഇഷ്ടമുളളത് ലഭിച്ചില്ലെങ്കില്‍ ഇച്ഛാഭംഗം ഉണ്ടാകുമെന്നേയുള്ളൂ. എന്നാല്‍ ആവശ്യമുള്ളത് ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ആയുസ്സിന് പോലും അപകടമുണ്ടായേക്കാം.
ശുഭദിനാശംസകൾ.
സൂര്യനാരായണൻ
ചിത്രം- നിപു കുമാർ