Fiction

കുഞ്ഞു കഥ: കാക്കാമൂല മണി

     സീന…!
മാന്തളിരിന്റെ നിറവും മഴവില്ലിന്റെ ചന്തവുമുള്ള പെൺകുട്ടി. കുളിരുകൾ നെയ്യാൻ വെമ്പിനിൽക്കുന്ന പ്രായം. മറ്റ് പെൺകുട്ടികളിൽ കാണാത്ത ഭാവ ചലനങ്ങൾ…
സീനയുടെ കണ്ണുകളെക്കുറിച്ച് യുവാക്കൾ കവിതകൾ ചമച്ചു. അവളുടെ ഒരു നോട്ടത്തിന് അവർ ദാഹിച്ചുനിന്നു. ആ കണ്ണുകളിലെ കാന്തി യുവാക്കൾക്ക് ലഹരിയായി.

     “സീനേ… നിന്റെ മിഴികൾ എന്നെ മത്തുപിടിപ്പിക്കുന്നു.”
കോളജ് ഹീറോ പിന്നാലെ കൂടി. അങ്ങനെ ഒരു നീണ്ടനിര…
സീനയുടെ മനസ്സ് എങ്ങും തങ്ങിയില്ല. അവൾ ഒരു മൃദുരാഗമായി പ്രവഹിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരധ്യാപകന്റെ തേനൂറും മൊഴികൾ അവളുടെ കാതുകളിൽ പൂമഴയായി:

    “സീനേ… ആ നയന വിപഞ്ചികളിൽ ഏതോ പ്രണയ കവി പാടാൻ മറന്നുവച്ച ഒരു കവിതയുണ്ട്. അതിന്റെ ഈണമായി അലിയാൻ എനിക്ക് വല്ലാത്ത മോഹം…”
ആ രാത്രി അവൾ ഉറങ്ങിയില്ല. സ്വന്തം കണ്ണുകളെക്കുറിച്ച് ചിന്തിച്ചുകിടന്നു.
ഇലകൾ പോലും ചലിക്കാത്ത ഒരു യാമത്തിൽ തികച്ചും അപ്രതീക്ഷിതമായി വാതിലിൽ ഒരു മുട്ട്.
സീന ഒന്നും ആലോചിക്കാതെ യാന്ത്രികമായി എണീറ്റ് വാതിലിന്റെ ഓടാമ്പലഴിച്ചു.
ഞെട്ടിപ്പോയി.
കഴുകന്റെ കണ്ണുള്ള കോളജ് ഹീറോ..!
” എന്തു വേണം ?”
“നിന്നെ…”
അതുകേട്ട് അവളുടെ ഉള്ള് കിടുങ്ങി.
“പോ… ഇറങ്ങിപ്പോ. അമ്മേ… അച്ഛാ.”
അവൾ ഉറക്കെ നിലവിളിച്ചെങ്കിലും ശബ്ദം പുറത്തുവരും മുമ്പ് വായ് പൊത്തിക്കളഞ്ഞു.
“ഒച്ചയുണ്ടാക്കരുത്. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല. ഇത്തിരി നേരം അടുത്തിരുന്ന് ആ കണ്ണുകളുടെ ലഹരി ആസ്വദിച്ചിട്ട് തിരിച്ചു പൊയ്ക്കോളാം.”
അയാൾ മന്ത്രിച്ചു.
” ഇറങ്ങിപ്പോ…, ഇറങ്ങിപ്പോകാൻ…”
അവൾ ഒരു പിശാചിനെപ്പോലെ അലറി. ആ കണ്ണുകളിൽ അഗ്‌നി പടർന്നു. പല്ലുകൾ നീണ്ടുവന്നു.
സീനയ്ക്ക് ഇങ്ങനെയൊരു മുഖമോ? അവൻ ഞെട്ടിപ്പോയി.
” പോ… ഇറങ്ങിപ്പോ.”
അവളുടെ നാവ്  അസംഖ്യം സർപ്പങ്ങളായി രൂപാന്തരപ്പെടുന്നതു പോലെ….
അയാൾ പിന്നെയവിടെ നിന്നില്ല. ഭീതിയോടെ ഇരുളിന്റെ കയങ്ങളിലേക്ക് ഇറങ്ങിയോടി.

ഉണ്മാദിനിയെപ്പോലെ അവൾ പൊട്ടിച്ചിരിച്ചു.

ചിത്രം: എൻ.ജി സുരേഷ് കുമാർ

Back to top button
error: