ദുബൈ: 140 ഭാഷകളിൽ പാട്ടുകൾ പാടി ലോക റെക്കോർഡ് സൃഷ്ടിച്ച മലയാളി പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കണ്ണൂരിന്റെ സ്വന്തം ഗായിക സുചേത സതീഷ് (18) ആണ് ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.
കഴിഞ്ഞ നവംബർ 24ന് നടത്തിയ കൺസേർട്ട് ഫോർ ക്ലൈമറ്റ് പരിപാടിയിൽ 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും ആണ് ലാണ് സുചേത പാടിയത്. ഗിന്നസ് അധികൃതർ പുരസ്കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു സുചേതയുടെ പാട്ട്. 121 ഭാഷകളിൽ കച്ചേരി അവതരിപ്പിച്ച പൂനെയിലെ വോക്കലിസ്റ്റ് മഞ്ജുശ്രീ ഓക്കിന്റെ റെക്കോർഡാണ് സുചേത സതീഷ് തകർത്തത്.
ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ സുചേത വളർന്നതും പഠിച്ചതും ഒക്കെ യു.എ.ഇയിലാണ്. മൂന്നാം വയസുമുതലാണ് കർണാട്ടിക് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ഇപ്പോൾ വെസ്‌റ്റേൺ വോക്കൽസും പഠിക്കുന്നുണ്ട്. ചലച്ചിത്ര പിന്നണി ഗായികയും സംസ്ഥാന അവാർഡ് ജേതാവുമായ ആശ ജി. മേനോനാണ് കർണ്ണാട്ടിക് സംഗീതത്തിലെ ഗുരു. സംഗീതസംവിധായകനായ ജെറി അമൽദേവ് ഹിന്ദുസ്ഥാനിയും പഠിപ്പിക്കുന്നുണ്ട്. പാട്ടിൽ മാത്രമല്ല, പഠനത്തിലും സുചേത മിടുമിടുക്കിയാണ്. 2014 ൽ ദുബായ് സർക്കാരിന്റെ അക്കാർഡിമിക് എക്‌സൽസിനുള്ള ഷെയ്ക്ക് ഹംദാൻ അവാർഡ് സുചേതയ്ക്ക് ലഭിച്ചിട്ടുണ്ട്.
‘ഒമ്പത് മണിക്കൂർ കൊണ്ട് 140 ഭാഷകളിൽ പാടി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചുവെന്ന വാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ടെ’ന്ന് കുറിച്ച് സുചേത ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയും ഈ വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്.
കണ്ണൂർ, എളയാവൂർ സ്വദേശികളും യു.എ.ഇ.യിൽ താമസിക്കുന്ന ഡോ. ടി.സി സതീഷിന്റെയും സുമിതയുടെയും മകളാണ്. ദുബായിയിൽ നോളജ് പാർക് യൂണിവേഴ്‌സിറ്റിയിൽ ഡിജിറ്റൽ മീഡിയ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
ആദ്യം പാടിയത് ഉത്തർപ്രദേശിലെ അവദി ഭാഷയിലെ ഗാനമായിരുന്നു. ഇന്ത്യയോടുള്ള ആദരസൂചകമായി ദേശഭക്തി ഗാനവും കൺസേർട്ടിൽ ആലപിച്ചിരുന്നു.
വയസ്സ് 18, ലോക റെക്കോർഡുകൾ നാല്
2018-ൽ 12 -ാം വയസ്സുള്ളപ്പോൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ദൈർഘ്യമേറിയ സംഗീതകച്ചേരിയിൽ ഏറ്റവും അധികം ഭാഷകളിൽ പാട്ട് പാടിയതിനും 102 ഭാഷകളിൽ ഏറ്റവും കൂടുതൽ സമയം തുടർച്ചയായി പാടിയ കുട്ടിയ്ക്കുള്ള ബഹുമതിയായാണ് അമേരിക്കൻ വേൾഡ് റെക്കോർഡ് അക്കാദമിയുടെ രണ്ട് അവാർഡുകൾ ലഭിച്ചത്. 2021-ൽ 120 ഭാഷകളിൽ സംഗീതമാലപിച്ച് ആദ്യത്തെ ഗിന്നസ് പുരസ്‌കാരം നേടി. 2024 ജനുവരിയിലാണ് പുതിയ ഗിന്നസ് റെക്കോർഡ് സുചേതയെ തേടിയെത്തിയത്. നാല് അവാർഡുകളും ലഭിച്ച പരിപാടികൾക്ക് വേദിയായത് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയമായിരുന്നു