Health

മദ്യപാനം അവസാനിപ്പിച്ച്  ആയുസ്സും ആരോഗ്യവും വീണ്ടെടുക്കൂ, ഒരുമാസം ഒരു തുള്ളി മദ്യം പോലും തൊടാതിരുന്നാൽ ശരീരത്തില്‍   സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ അറിയൂ

   മദ്യപാനം  ശീലമായാല്‍ അത് നിര്‍ത്തുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. നിര്‍ത്തണം എന്ന് തോന്നിയാലും മനസ് അനുവദിക്കില്ല. കൂട്ടുകെട്ടുകളും മദ്യപാനത്തിന് ഒരു കാരണമാണ്. അമിത മദ്യപാനം മൂലം കുടുംബ ബന്ധം തന്നെ താളം തെറ്റും. തൊഴില്‍ മേഖലയിലും അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

മദ്യപാനം മൂലം ജോലിയില്‍ വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടാനും കാരണമാകും. ഇതിലൊക്കെ ഉപരി ആരോഗ്യം ക്ഷയിച്ച് അകാലമൃത്യുവാണ് മദ്യപാനത്തിന്റെ അത്യന്തിക ഫലം. ഈ സാഹചര്യത്തില്‍ മദ്യം ഇനി തൊടില്ലെന്ന് ദൃഢനിശ്ചയം ചെയ്യുന്നവര്‍ പതുക്കെ പതുക്കെ അതില്‍ നിന്നും പിന്‍വലിയാനാണ് ശ്രമിക്കേണ്ടത്. ക്രമേണ പൂര്‍ണമായും മാറ്റാന്‍ കഴിയും.

Signature-ad

മദ്യത്തില്‍ നിന്നും മാറി ജീവിതത്തിലേക്ക് നടന്നടുക്കുന്ന ഒരാളെ വീണ്ടും അതിലേക്ക് തന്നെ തള്ളിയിടാതെ നോക്കാന്‍ കുടുംബത്തിന്റെ സഹായവും ആവശ്യമാണ്. ഈ സമയത്ത് കുടുംബം കൈവിട്ടാല്‍ അയാള്‍ വീണ്ടും മദ്യപാനിയായി മാറും.

സ്ഥിരമായ മദ്യപാനം നിര്‍ജലീകരണം, കുറഞ്ഞ ഉദ്ധാരണശേഷി, ആശയക്കുഴപ്പം, ഉറക്ക തകരാര്‍, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് മൂലമുള്ള അമിത കലോറികള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഓടോഇമ്യൂണ്‍ രോഗങ്ങള്‍ എന്നിവയെയും വഷളാക്കും. കരളിന്റെ പ്രശ്നങ്ങള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും. ആത്മവിചിന്തനം നടത്താനും ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സമയത്തെയും മദ്യം കവര്‍ന്നെടുക്കുന്നു.

ഒരുമാസമെങ്കിലും മദ്യം കുടിക്കാത്തവരുടെ ശരീരത്തില്‍ എന്തെല്ലാം മാറ്റമാണ് സംഭവിക്കുക എന്ന് ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്പിറ്റല്‍സിലെ ഗ്യാസ്ട്രോളജി ആന്‍ഡ് ഹെപറ്റോബൈലിയറി സയന്‍സ് സീനിയര്‍ കണ്‍സള്‍ടന്റ് ഡോ വിഭോര്‍ പരീഖ് പറയുന്നത് നോക്കാം.

◾തുടക്കത്തില്‍ മദ്യം കുടിക്കാനുള്ള വ്യഗ്രതയൊക്കെ കണ്ടേക്കാം. ഉത്കണ്ഠ, ഉറക്കത്തിന് തടസം, നിര്‍ജലീകരണം, ദേഷ്യം തുടങ്ങിയവയൊക്കെ പ്രകടമാക്കാം. ക്രമേണ അത് മാറും.

◾കരളിന് കുറച്ച് വിശ്രമം ലഭിക്കും. കരളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറേശ്ശയായി മാറി തുടങ്ങുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.

◾സ്ഥിരം മദ്യപാനികളുടെ വയറില്‍ സാധാരണയിലും കവിഞ്ഞ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് വയറിന്റെ ആവരണത്തെ ക്ഷയിപ്പിക്കും. നീര്‍ക്കെട്ടും മറ്റും ഉണ്ടാകാനും മദ്യം കാരണമാകും.

മദ്യപാനം നിര്‍ത്തുന്നതോടെ വയറിന്റെ ആവരണവും പതിയെ ആരോഗ്യം പുനസ്ഥാപിക്കാനും തുടങ്ങും. നെഞ്ചെരിച്ചില്‍, വയറില്‍ നിന്ന് ആസിഡ് വീണ്ടും കഴുത്തിലേക്ക് വരുന്ന ആസിഡ് റീഫ്ളക്സ് എന്നിവയ്ക്കും ശമനം ഉണ്ടായി തുടങ്ങും.

◾മദ്യപാനം ഒഴിവാക്കുന്നതിലൂടെ നിര്‍ജലീകരണം കുറയുകയും തലവേദന പതിയെ ശമിക്കാന്‍ തുടങ്ങുകയും ചെയ്യും. രക്തസമ്മര്‍ദവും കുറയും. ജോലിയിലും കുടുംബ കാര്യങ്ങളിലും ശ്രദ്ധയുണ്ടാകുന്നു.

◾കുറഞ്ഞത് 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും അര്‍ബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയും.

ക്ഷീണിച്ച ശരീരത്തെ പുഷ്ടിപ്പെടുത്താനും ജലാംശം നിലനിര്‍ത്താനും വെള്ളവും കരിക്കിന്‍ വെള്ളവും ജ്യൂസും ഉള്‍പെടെയുള്ള ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കേണ്ടതാണ്.
മദ്യപിക്കാനുള്ള ആസക്തി ഉണ്ടാകാതിരിക്കാന്‍ പുതിയ എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പെടുന്നതും നല്ലതാണ്.

Back to top button
error: