ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ശാരീരികബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മിസൗറിയിലെ ഹൈസ്കൂള്‍ അധ്യാപികയായ ഹെയ്ലി ക്ലിഫ്ടണ്‍ കാര്‍മാക്ക് (26) ആണ് അറസ്റ്റിലായത്. 16 വയസ്സുള്ള വിദ്യാര്‍ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മിസോറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം തുടരുന്നതിനിടെയാണ് അധ്യാപിക അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ ഏഴിനാണ് പീഡനവിവരം പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പുലാസ്കി കൗണ്ടി ഷെരീഫ് ഡിപ്പാര്ട്ടുമെന്റില് വിവരമറിയിക്കുകയുമായിരുന്നു. 2023 ഡിസംബര്‍ എട്ടിന് പോലീസ് അധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിച്ചു.
അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചെങ്കിലും ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കനായില്ല. പ്രാഥമിക പരിശോധനയില്‍ വിവരങ്ങള്‍ ലഭ്യകാമാതെ വന്നതോടെ കോടതിയെ സമീപിച്ച പോലീസ് ഡിസംബര്‍ 22ന് അനുവാദം സ്വന്തമാക്കി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വിദ്യാര്‍ഥിയുമായി അധ്യാപികയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു.
പീഡനക്കേസില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ അധ്യാപിക ഡിസംബര്‍ 23ന് ടെക്സാസിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെന്ന പേരില്‍ മിസോറി വിട്ടു. ഇതിനിടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബലാത്സംഗം, വിദ്യാര്‍ഥിയുമായുള്ള ലൈംഗിക ബന്ധം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ പീഡനം എന്നീ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്. പീഡനം സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്.
ഇതിനിടെ അധ്യാപികയുമായുള്ള മകന്റെ അവിഹിത ബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന പിതാവിന്റെ വെളിപ്പെടുത്തല്‍ വിവാദത്തിലായി. പീഡനവിവരം മറച്ചുവെച്ചതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൗമാരക്കാരന്റെ പിതാവിനോട് അധ്യാപികയുമായുള്ള ബന്ധം അറിയിച്ചിരുന്നുവെന്നും ആരോപണമുണ്ട്. അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.