കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ തന്നെ ടിക്കറ്റെടുക്കാം. ഇന്നലെ മുതല്‍ ഈ സേവനം ലഭ്യമാണ്.
മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത്, യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇനി മുതല്‍ യാത്ര ചെയ്യാനാകും.
ഇങ്ങനെ ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കിൽ 10 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയക്കുകയേ വേണ്ടൂ.