കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് സോഫി തോമസ് ആണ് പരിഗണിച്ചത്. കേസില്‍ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാന്‍ സുരേഷ് ഗോപിയോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ 25,000 രൂപയും തുല്യത്തുകയ്ക്കുള്ള രണ്ടു ആള്‍ജാമ്യത്തിലും ജാമ്യത്തില്‍ വിട്ടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഒക്ടോബര്‍ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയര്‍ത്തിയ വനിത മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ ആദ്യം തന്നെ മാധ്യമപ്രവര്‍ത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.