റാന്നി:തിരക്കേറിയ കോഴഞ്ചേരി-വാഴക്കുന്നം-റാ ന്നി പാതയില്‍ ഗതാഗതം നിലച്ചിട്ട് ഒരുവര്‍ഷമാകാൻ ദിവസങ്ങൾ മാത്രം.കീക്കൊഴൂരിന് സമീപം പുതമൺ പാലത്തിലുണ്ടായ വിള്ളലിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കും എരുമേലിയിലേക്കുമടക്കം ശബരിമല തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ഒരു പാതയാണിത്.പുതമൺ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ നിർമ്മാണവും ഇഴഞ്ഞ് നീങ്ങുകയാണ്.
2023 ജനുവരി 25നാണ് പുതമണ്‍ പാലം തകര്‍ന്നത്. പിറ്റേന്നു മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. വാഹനങ്ങള്‍ പേരൂര്‍ച്ചാല്‍ പാലം, ചെറുകോല്‍പ്പുഴ വഴി തിരിച്ചുവിടുകയായിരുന്നു . തിരക്കേറിയ പാതയിലുണ്ടായ ഗതാഗതതടസം പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യം അന്നേ ഉയര്‍ന്നതാണ്.എന്നാൽ ഒരു വര്‍ഷമെത്തുമ്പോഴും പണികള്‍ ഇവിടെ ഇഴയുകയാണെന്ന് നാട്ടുകാർ പറയുന്നു .പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് പണികള്‍ വൈകിപ്പിച്ചതെന്നാണ് സൂചന.
താത്കാലിക പാലത്തിനായി 30.5 ലക്ഷം രൂപ കഴിഞ്ഞ ഓഗസ്റ്റിലാണ് അനുവദിച്ചത്. താത്കാലിക പാലം നിര്‍മാണത്തിനായി സമീപസ്ഥലം ഭൂഉടമ വിട്ടുനല്‍കിയെങ്കിലും, പാലത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ വീണ്ടും വൈകി. പുതമണ്‍ പാലത്തോടു ചേര്‍ന്നുള്ള തോട്ടില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചും ഇരുവശങ്ങളിലും റോഡ് നിര്‍മിച്ചും പാത യാഥാര്‍ഥ്യമാക്കുന്നതാണ് പദ്ധതി.
താത്കാലിക പാതയ്ക്കായി തോട്ടില്‍ ചെറുതും വലുതുമായി എട്ട് പൈപ്പുകള്‍ സ്ഥാപിച്ചു. അവയ്ക്കു മുകളില്‍ കരിങ്കല്ലിട്ട് ഉറപ്പിച്ചു. പിന്നീടായിരുന്നു കോണ്‍ക്രീറ്റിംഗ്. വാഹനങ്ങള്‍ വശം ചേര്‍ക്കാതിരിക്കാന്‍ 3.80 മീറ്റര്‍ വീതിയില്‍ അതിരുകല്ലുകളും കോണ്‍ക്രീറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഇരുവശത്തും 60 മീറ്ററോളം വീതം നീളത്തിലാണ് താത്കാലിക റോഡ് നിര്‍മിച്ചിരിക്കുന്നത്.
തോടിനു മുകളില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ ഗതാഗതം ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാൽ പണികൾ ഇനിയും ബാക്കിതന്നെയാണ്.
ശബരിമല മകരവിളക്കു കാലത്തു പോലും താത്കാലിക പാത പൂര്‍ത്തിയാക്കാത്തതും പ്രതിഷേധത്തിനു കാരണമായി. ഏറ്റവുമധികം തീര്‍ഥാടകര്‍ മകരവിളക്കു കാലത്ത് ഉപയോഗിക്കുന്ന പാതയിലാണ് ഒരു വർഷത്തിലേറെയായി ഗതാഗതം മുടങ്ങിക്കിടക്കുന്നത്.
നേരത്തെ സ്ഥിരം ഗതാഗത കുരുക്കിനെ തുടർന്ന് 2018 ഓഗസ്റ്റിലാണ് പുതമൺ പാലം വീതികൂട്ടി പുതുക്കി പണിതത്. എന്നാൽ പഴയ പാലത്തിൽ കാര്യമായ പണികൾ ഒന്നും ചെയ്യാതെ വശങ്ങളിൽ കോൺക്രീറ്റ് പാളികൾ സ്ഥാപിച്ച് വീതി വർധിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്. നേരത്തെ തന്നെ നാട്ടുകാരും യാത്രക്കാരും പാലത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ധരിപ്പിച്ചതായി പറയുന്നു. ആശങ്ക അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ വേണ്ട പ്രാധാന്യം നല്കി പാലത്തിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.