KeralaNEWS

”കല്‍പ്പനയ്ക്ക് മറുപടി തരാന്‍ മനസ്സില്ലെടാ!” നിലയ്ക്കല്‍ ബിഷപ്പിനെതിരേ വൈദികന്റെ ശബ്ദസന്ദേശം

പത്തനംതിട്ട: ‘സ്ത്രീ ശബ്ദരേഖ’ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ നിലയ്ക്കല്‍ ഭദ്രാസനത്തിലെ അമര്‍ഷം പൊട്ടിത്തെറിയിലേക്ക്. വിശദീകരണം തേടിയ ബിഷപ്പിന് മറുപടിയായി വൈദികന്‍ ആക്ഷേപ ഉള്ളടക്കത്തോടെയുള്ള ശബ്ദരേഖ വിശ്വാസികളടക്കമുള്ളവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു.

ഫാദര്‍ ഷൈജു കുര്യനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തര്‍ക്കം രൂക്ഷമായത്. വിഷയത്തില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ കല്‍പ്പനയെ തള്ളിക്കൊണ്ടാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ വാട്‌സാപ്പ് സന്ദേശം. ‘കല്‍പ്പനയ്ക്ക് മറുപടി തരാന്‍ മനസ്സില്ലെടാ’ എന്നുള്ള ആക്ഷേപ ഉള്ളടക്കങ്ങളടങ്ങിയ ശബ്ദ സന്ദേശമാണ് ഫാദര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

Signature-ad

”വിശദീകരണം ചോദിച്ചതുമായി ബന്ധപ്പെട്ടകാര്യം സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്നവരോട് വിശദീകരിച്ചിട്ടുണ്ട്. നിക്കോദിമോസ് മെത്രാനച്ചന്‍ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ പുറത്തുവിടും. എന്റെ പേരില്‍ കല്‍പ്പന ഇറക്കേണ്ട ഒരാവശ്യവും ഇല്ല. വക്കീല്‍ നോട്ടീസിനുള്ള പ്രതികരണം മാത്രമാണ് എന്റെ ഭാഗത്തുനിന്നുണ്ടായത്. കല്‍പ്പന മാനിക്കാന്‍ സാധിക്കില്ല. വസ്തുക്കച്ചവടക്കാരായ അച്ചന്മാരെയാണ് സഭയ്ക്ക് വേണ്ടതെങ്കില്‍ അവരെ കൊണ്ടു നടന്നോളൂ…” എന്നിങ്ങനെയാണ് വൈദികന്റെ ശബ്ദ സന്ദേശം.

വൈദികനായ ഷൈജുകുര്യനെതിരേ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു സ്ത്രീയുടേതെന്ന പേരില്‍ നിലയ്ക്കല്‍ ഭദ്രാസന വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഏതാനും ദിവസങ്ങളായി ഒരു ശബ്ദരേഖ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ യോഗം ഭദ്രാസന സെക്രട്ടറി സ്ഥാനത്തുനിന്ന് വൈദികനായ ഷൈജു കുര്യനെ ഒഴിവാക്കിയിരുന്നു. ഒപ്പം ഷൈജു കുര്യനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന തരത്തില്‍ ചില ആക്ഷേപങ്ങള്‍ പരസ്യമായി ഉന്നയിച്ച ആള്‍ എന്ന തരത്തില്‍ ഡോ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്റെ കല്‍പന കഴിഞ്ഞ ദിവസം ഫാദര്‍ മാത്യൂസ് വാഴക്കുന്നത്തിന് ലഭിച്ചു. ഇതിനുപിന്നാലെയാണ് അദ്ദേഹം വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം പോസ്റ്റ് ചയ്തത്.

സ്ത്രീ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് ഷൈജു കുര്യന്‍ മാത്യൂസ് വാഴക്കുന്നത്തിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരായിട്ടുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ ശബ്ദരേഖ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന ആക്ഷേപമാണ് വക്കീല്‍ നോട്ടീസിലുള്ളത്. വക്കീല്‍ നോട്ടീസ് ലഭിച്ചതിനുപിന്നാലെ ശബ്ദരേഖയുടെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ മാത്യൂസ് വാഴക്കുന്നം പോലീസിനും വനിതാ കമ്മിഷനും പരാതി കൊടുത്തിയിരുന്നു. തനിക്ക് ഒരു നീതിയും മറ്റൊരാള്‍ക്ക് മറ്റൊരു നീതിയും എന്ന തരത്തില്‍ സഭാ നേതൃത്വം പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപവും മാത്യൂസ് വാഴക്കുന്നം ഉന്നയിച്ചിരുന്നു.

 

Back to top button
error: