NEWSWorld

ചെങ്കടലിലെ ആക്രമണം; മുന്നറിയിപ്പ് നല്‍കി, അമേരിക്കയും 12 സഖ്യകക്ഷികളും

ഏദൻ: ചെങ്കടലിലെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തിയില്ലെങ്കില്‍, യെമനിലെ ഹൂതി വിമതര്‍ക്കും അവരെ സഹായിക്കുന്നവർക്കുമുൾപ്പടെ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കയും 12സഖ്യകക്ഷികളും.
വൈറ്റ് ഹൗസ് ആണ് ഇത് സംബന്ധിച്ച്‌ പ്രസ്താവന പുറത്തിറക്കിയത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധമായി ഹൂതികള്‍ തടങ്കലില്‍ വച്ചിരിക്കുന്ന കപ്പലുകളേയും അതിലെ ജീവനക്കാരേയും മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ആഗോള സമ്ബദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണിത്. ഇതുവഴിയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഹൂതികള്‍ അനുഭവിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ബ്രിട്ടനും, ഗള്‍ഫ് രാജ്യമായ ബഹ്‌റൈനും അമേരിക്കയ്‌ക്ക് പിന്തുണ നല്‍കി പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ജര്‍മ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം നിലയ്‌ക്ക് നേരത്തെ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലുമായി ബന്ധമുളള കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ ആക്രമണം നടത്തി വന്നിരുന്നത്.

ചെങ്കടലിലേക്ക് ഇറാൻ യുദ്ധക്കപ്പല്‍ അയച്ചതിന് പിന്നാലെ ഹൂതികളുടെ നാലു ബോട്ടുകൾ യുഎസ് നാവികസേന തകർത്തിരുന്നു.ഇറാനിയൻ സൈന്യത്തിന്റെ 34-ാം നാവികസേനയുടെ ഭാഗമായ അല്‍ബോഴ്സ് എന്ന യുദ്ധക്കപ്പലാണ് ചെങ്കടലിലെത്തിയത്.

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ഹൂതികള്‍ ആക്രമിച്ചതോടെയാണ് ചെങ്കടല്‍ സംഘര്‍ഷമേഖലയായത്.

ഹൂതി വിമതരെ ഇറാന്‍ സഹായിക്കുന്നതായാണ് യുഎസിന്റെ ആരോപണം. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിച്ചു. ഹൂതി വിമതര്‍ ചെങ്കടലില്‍ കണ്ടെയ്‌നര്‍ കപ്പലിനുനേരെ തൊടുത്ത രണ്ട് മിസൈലുകള്‍ വെടിവച്ചിട്ടതായും മൂന്ന് ബോട്ടുകള്‍ തകര്‍ത്തതായും യുഎസ് സേന അറിയിച്ചിരുന്നു. 10 ഹൂതി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് എത്തിയത്.

Back to top button
error: