കൊച്ചി: നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചു നിന്നെന്ന പേരില്‍ 7 മണിക്കൂര്‍ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവില്‍വച്ചെന്നു പരാതിപ്പെട്ടും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടും കൊല്ലം പത്തനാപുരം തലവൂര്‍ സ്വദേശി എല്‍. അര്‍ച്ചന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
18നു രണ്ടാലുംമൂട് ജംക്ഷനില്‍ നവകേരള യാത്ര കടന്നുപോകുമ്പോള്‍ ഭര്‍തൃമാതാവ് ടി.അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു ഹര്‍ജിക്കാരി. ഭര്‍ത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹര്‍ജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടയച്ചത്.
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിക്കാരി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. ഭര്‍ത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നു ഹര്‍ജിയില്‍ ചോദിക്കുന്നു.