കാസർകോട്: മരിച്ച എൻഡോൾസൾഫാൻ ദുരിതബാധിതന്റെ കുടുംബത്തിന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം നൽകാതെ വഞ്ചിച്ചുവെന്ന് അച്ഛൻ.
പെർള ഷേണിയിലെ വാസുദേവ നായ്കിന്റെ എൻഡോസൾഫാൻ ദുരിതബാധിതനായ മകൻ ശ്രേയസ് (17) 2017 ൽ മരണപ്പെട്ടിരുന്നു. കുടുംബത്തിന് അന്ന് 4.80 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഇന്നത് 10 ലക്ഷം രൂപയോളമായി. മകൻ മരിച്ചതിന് പിന്നാലെ സുരേഷ് ഗോപി സഹായ പ്രഖ്യാപനവുമായി മുന്നോട്ടുവന്നു. ശ്രേയസിന്റെ ചികിത്സയ്ക്കും മറ്റുമായി വന്ന കടബാധ്യത ഏറ്റെടുക്കുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനം മധ്യമങ്ങളിലും വാർത്തയായി.
എന്നാൽ പലതവണ സുരേഷ് ഗോപിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കാണാൻ കൂട്ടാക്കിയില്ലെന്ന് വാസുദേവ നായ്ക് പറഞ്ഞു. സുരേഷ് ഗോപിയെ കണ്ട് സങ്കടം പറയാൻ അദ്ദേഹത്തിന്റെ കൊല്ലത്തെ തറവാട് വീട്ടിൽ പോയെങ്കിലും സഹോദരൻ അവഹേളിച്ച് ഇറക്കിവിട്ടു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പോയെങ്കിലും ഷൂട്ടിങിലാണെന്ന് പറഞ്ഞ് തിരിച്ചയച്ചു.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ കണ്ടുവെങ്കിലും രേഖകളുമായി പോയതല്ലാതെ പിന്നീട് വിവരമില്ലെന്നും പിന്നീട് സുരേന്ദ്രനെ സമീപിച്ചപ്പോൾ പരിഗണിച്ചില്ലെന്നും വാസുദേവനായ്ക് പറഞ്ഞു.