ശിവരാജ് മനസ്പുരെയ്ക്ക് പകരം സ്വപ്നില്‍ ഡി നിളയെ സെൻട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറായി നിയമിച്ചു.
സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജറായിരിക്കെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ടിക്കറ്റില്ലാത്ത യാത്രകള്‍, മോഷണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുമായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനാണ് ശിവരാജ് മനസ്പുരെ.
പല പ്രധാന സ്റ്റേഷനുകളിലും റെയില്‍വേ ‘പ്രധാനമന്ത്രി സെല്‍ഫി ബൂത്തുകള്‍’ സ്ഥാപിച്ചിട്ടുണ്ട്. അമരാവതിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ അജയ് ബോസ് ആണ് സെൻട്രല്‍, വെസ്റ്റേണ്‍, സതേണ്‍, നോര്‍ത്തേണ്‍, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ എന്നീ അഞ്ച് സോണുകളില്‍ ഈ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന് ചെലവഴിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കിയത്.ഇതിന് മറുപടി നൽകിയതാണ് ശിവരാജ് മനസ്പുരെ ചെയ്ത കുറ്റം.
മുംബൈ, നാഗ്പൂര്‍, പൂനെ, ഭുസാവല്‍, സോലാപൂര്‍ ഡിവിഷനുകളിലുടനീളമുള്ള 30 സ്റ്റേഷനുകളില്‍ താല്‍ക്കാലിക സെല്‍ഫി ബൂത്തുകളും 20 സ്റ്റേഷനുകളില്‍ സ്ഥിരം സെല്‍ഫി ബൂത്തുകളും സ്ഥാപിച്ചതായി സെൻട്രൽ റെയിൽവേയിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. കാറ്റഗറി സി സ്റ്റേഷനുകളില്‍ ഓരോ ബൂത്തിനും 6.25 ലക്ഷം രൂപയും എ കാറ്റഗറി സ്റ്റേഷനുകളിലെ ഓരോ താല്‍ക്കാലിക ബൂത്തിനും 1.25 ലക്ഷം രൂപയുമാണ് ചെലവ് വന്നതെന്നും സെൻട്രൽ റെയിൽവേ കണക്കുകളിൽ വ്യക്തമാക്കുന്നു.