കൊല്ലം: വളര്‍ത്തുനായയെ മോഷ്ടിച്ച് കടത്തിയശേഷം ക്രൂരമായി ആക്രമിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ ആണ് സംഭവം. പുതുവത്സരത്തലേന്നായിരുന്നു വീട്ടില്‍ അതിക്രമിച്ച് കയറി നായയെ മോഷ്ടിച്ചു കൊണ്ടുപോയത്.
പുനലൂര്‍ കക്കോട് സ്വദേശിയും സൈനികനുമായ കക്കോട് അഭിരഞ്ജം വീട്ടില്‍ രഞ്ജിത്തിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുതുവത്സരത്തലേന്ന് മൂവര്‍ സംഘം കടത്തിക്കൊണ്ടുപോയത്. അര്‍ധരാത്രിയുടെ മൂന്നുപേര്‍ വീടിനു സമീപം ബൈക്കിലെത്തുകയും ഒരാള്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്കിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ശേഷം സമീപത്തെ കൂട്ടില്‍ അടച്ചിട്ടിരുന്ന നായയെ മോഷ്ടിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ സിസിടിവി നശിപ്പിക്കാനുള്ള ശ്രമവും പ്രതികള്‍ നടത്തി. കൂടെയുണ്ടായിരുന്ന മറ്റു നായകളുടെ ബഹളം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇരുചക്രവാഹനത്തില്‍ നായയുമായി ഇവര്‍ കടന്നുപോകുന്നത് കണ്ടത്. തുടര്‍ന്ന് പുനലൂര്‍ പോലീസിനെ വിവരം അറിയിക്കുകയും വീട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.
സംഭവത്തില്‍ പുനലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വീട്ടുകാര്‍ പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ രണ്ടുദിവസം കഴിഞ്ഞിട്ടും പോലീസ് തയ്യാറായില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
ഇന്ന് പുലര്‍ച്ചയാണ് നായയുടെ ഉടമസ്ഥന്റെ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്തായി നായയെ കണ്ടതായി പരിസരവാസികള്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നായയെ വീട്ടിലെത്തിച്ചപ്പോഴാണ് ശരീരമാസകലം അതിക്രൂരമായി മുറിവേല്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ നായയെ പുനലൂര്‍ താലൂക്ക് വെറ്ററിനറി ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. നായയുടെ കഴുത്തിലും വയറിന്റെ ഭാഗത്തും ഗുരുതരമായ പരിക്കുകള്‍ ആണുള്ളത്.
പ്രതികളെക്കുറിച്ച് വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ടെന്നും നായയെ മോഷ്ടിച്ചതിനും പരിക്കേല്‍പ്പിച്ചതിനും ഉള്‍പ്പെടെഉള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും പുനലൂര്‍ പോലീസ് അറിയിച്ചു.