കൊച്ചി: ഭര്‍ത്താവിന്റെ ലൈംഗികവൈകൃതം ഭാര്യക്ക് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് കേരള ഹൈക്കോടതി. നേരത്തെ ലൈംഗികവൈകൃതമടക്കമുള്ള ഹര്‍ജിക്കാരിയുടെ ആരോപണം കണക്കിലെടുക്കാതെ കുടുംബകോടതി വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. തന്നെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചിരുന്നെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ഇത് തെളിയിക്കാന്‍ ഹരജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. ഈ വാദം പൂര്‍ണമായി കണക്കിലെടുത്താലും ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യയുടെ സമ്മതമില്ലാത്ത തരത്തിലുള്ള ലൈംഗികബന്ധങ്ങള്‍ മാനസികവും ശാരീരികവുമായ ക്രൂരതയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ തങ്ങളുടെ സമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധങ്ങള്‍ അവരവരുടെ ചോയ്‌സ് ആണെന്നും അതില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, അതിലൊരു കക്ഷി വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് സാധാരണഗതിയിലുള്ള മനുഷ്യന്റെ ലൈംഗികബന്ധ രീതികള്‍ക്ക് വിരുദ്ധമാണ്. വിസമ്മതം പ്രകടിപ്പിച്ചിട്ടും ലൈംഗികബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ക്രൂരതയാണെന്നും കോടതി വിശദീകരിച്ചു.
ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിവാഹബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് 2017ല്‍ ഭാര്യ നിലപാടെടുത്തിരുന്നു. എന്നാല്‍, അതിന് ഭര്‍ത്താവ് നടപടിയെടുത്തില്ലെന്നതും കോടതി പരിഗണിച്ചു. 2009 ഓഗസ്റ്റ് 23-നായിരുന്നു ഹര്‍ജിക്കാരിയുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭര്‍ത്താവ് വിദേശത്തേക്ക് പോയി. നവംബര്‍ 29 വരെ മാത്രമേ ഭര്‍തൃവീട്ടില്‍ താമസിക്കാനൊത്തുള്ളൂ. അവര്‍ തന്നെ പുറത്താക്കുകയായിരുന്നെന്ന് ഭാര്യ ആരോപിച്ചു. വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരെയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയിലെത്തിയത്.