മോഹൻലാലിനു പുനർജന്മം നൽകിയ ‘നേരം’ ബോക്‌സ് ഓഫീസ് ഇളക്കിമറിക്കുന്നു, ഇനി വരാനിരിക്കുന്നത് മലെക്കോട്ടെ വാലിബനും ബറോസും
കേരളത്തിലും പുറത്തും 62 കോടി കളക്ഷൻ പിന്നിട്ട ‘നേര്’ എന്ന സൂപ്പര്‍ ഹിറ്റ് 2023- ഡിസംബറില്‍ പുറത്തിറങ്ങിയതോടെ തിരിച്ചുവരവിന്റെ ട്രാക്കില്‍ എത്തി മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. വരാനിരിക്കുന്ന ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍.
ലിജോ ജോസ് പല്ലിശേരിയുടെ മലെക്കോട്ടെ വാലിബന്‍, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്ത ബറോസ് തുടങ്ങി മികച്ചതും കലാമൂല്യങ്ങളുമുള്ള ചിത്രങ്ങളാണ്. ഇതില്‍ ആദ്യം എത്തുക ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ വന്‍ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും വന്‍ ഹിറ്റാണ്. റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഈഗാനത്തിന് ഇതിനകം യുട്യൂബില്‍ ഒരു മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചു. മ്യൂസിക് ലിസ്റ്റില്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ഈ ഗാനം.
രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് റഫീക്ക് ആണ്. വാലിബനു ശേഷമാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രം ബറോസ് പുറത്തിറങ്ങുക. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണവും വിദേശത്ത് തന്നെയാണ് നടന്നത്.
ഇതിനിടെ കോർട്ട് റൂം ഡ്രാമ വിഭാഗത്തി പെട്ട ‘നേരി’ന്റെ തിരക്കഥ മോഷണമാണ് എന്നൊരു ആരോപണം ഉയർന്നു. എഴുത്തുകാരിയും അഭിനേത്രിയുമായ ശാന്തി മായാദേവിയുടെ പ്രതികരണം ചുവടെ:
“വലിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഇത്തരം വിവാദങ്ങൾ പതിവാണെന്ന് കേട്ടിട്ടുണ്ട്. നേരിന്റെ തന്നെ കഥയാണെന്ന് അവകാശപ്പെട്ട് ഒരാൾ കേസുകൊടുത്തിരുന്നു. അദ്ദേഹത്തിന് നിയമപരമായി അത് തെളിയിക്കാനുള്ള അവസരമുണ്ട്. നേരിന്റെ കഥ എന്ന പേരിൽ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ കഥയുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഞാനും കണ്ടിരുന്നു. ഞങ്ങളുടെ ചിത്രവുമായി അതിന് യാതൊരു ബന്ധവുമില്ല. നേര് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലുണ്ട്. ചിത്രം കണ്ടാൽ എല്ലാവർക്കും അത് വ്യക്തമാകും.”