CrimeNEWS

ബിരിയാണിയെച്ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം; കുടുംബത്തെ കൂട്ടംചേര്‍ന്ന് ആക്രമിച്ച് ജീവനക്കാര്‍

ഹൈദരാബാദ്: ബിരിയാണിയുടെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള തര്‍ക്കം ഹോട്ടലില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഹൈദരാബാദ് ആബിദ്സിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഉപഭോക്താക്കളായ അഞ്ചംഗകുടുംബത്തെ മര്‍ദിച്ചെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരായ പത്തുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അഞ്ചംഗകുടുംബത്തെ ഹോട്ടല്‍ ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പുതുവര്‍ഷത്തലേന്നാണ് ഹോട്ടലില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. അത്താഴം കഴിക്കാനായി ഗ്രാന്‍ഡ് ഹോട്ടലിലെത്തിയ കുടുംബം റൊട്ടിയും കറികളുമാണ് ആദ്യം ഓര്‍ഡര്‍ ചെയ്തത്. പിന്നാലെ ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, കൊണ്ടുവന്ന ബിരിയാണിക്ക് ഗുണനിലവാരമില്ലെന്നും അരി വെന്തില്ലെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. ഇതോടെ ആദ്യം കൊണ്ടുവന്ന ബിരിയാണി വെയിറ്റര്‍ തിരികെകൊണ്ടുപോവുകയും ഇതേ ബിരിയാണി തന്നെ വീണ്ടും നല്‍കുകയായിരുന്നു.

തുടര്‍ന്ന് ബില്‍ അടയ്ക്കുന്ന സമയത്ത് ബിരിയാണിയുടെ തുക നല്‍കാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. അരി വേവാത്തതിനാല്‍ ബില്‍തുകയില്‍നിന്ന് ബിരിയാണിയുടെ വില കുറയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹോട്ടല്‍ ജീവനക്കാരനും ഉപഭോക്തക്കളും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ, ഉപഭോക്താക്കളില്‍ ഒരാള്‍ വെയിറ്ററുടെ മുഖത്തടിച്ചു. പിന്നാലെ ഹോട്ടല്‍ ജീവനക്കാരെല്ലാം സംഘടിച്ചെത്തുകയും പരാതി ഉന്നയിച്ച കുടുംബത്തെ മര്‍ദിക്കുകയുമായിരുന്നു.

കസേരകള്‍ കൊണ്ടും തറതുടയ്ക്കുന്ന വൈപ്പറുകള്‍ ഉപയോഗിച്ചും ജീവനക്കാര്‍ ഇവരെ ആക്രമിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. അടിക്കരുതെന്നും അക്രമം നിര്‍ത്തണമെന്നും പറഞ്ഞ് ഒരുസ്ത്രീ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഹോട്ടല്‍ ജീവനക്കാരായ പത്തുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.

അതിനിടെ, സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ഘോഷമഹല്‍ എം.എല്‍.എയും ബി.ജെ.പി. നേതാവുമായ രാജാ സിങ് രംഗത്തെത്തി. നടപടി ആവശ്യപ്പെട്ട് പോലീസിനെ എം.എല്‍.എ. വിളിച്ചതിന്റെ ഫോണ്‍സംഭാഷണവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹോട്ടലിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്ഥാപനം കത്തിക്കുമെന്നായിരുന്നു എം.എല്‍.എയുടെ ഭീഷണി. ഹോട്ടലുടമ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടിരുന്നു.

Back to top button
error: