KeralaNEWS

ഇടുക്കിയിലെ ഏലമലക്കാടുകളിൽ ബഹുനില മന്ദിരങ്ങളും  റിസോര്‍ട്ടുകളും ഉയരുന്നു, ഈ അനധികൃത നിർമ്മാണം കണ്ട ഭാവം നടിക്കാതെ അധികൃതർ

       ഇടുക്കി: സി.എച്ച്.ആര്‍ വനമേഖലയില്‍ കുത്തകപ്പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് അനധികൃത നിര്‍മാണങ്ങൾ വ്യാപകമാകുമ്പോളും അധികൃതർക്ക് കണ്ട ഭാവമില്ലെന്ന് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ബഹുനില മന്ദിരങ്ങളും റിസോര്‍ടുകളും ഉയരുന്നത്. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പള്ളിവാസല്‍, മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച അവസരം മുതലെടുത്താണ് നിർമാണങ്ങൾ.

ഏകര്‍ കണക്കിന് ഭൂമിയുള്ള വന്‍കിടക്കാര്‍ ഏലത്തോട്ടത്തിനുള്ളില്‍ അതീവ രഹസ്യമായാണ് നിര്‍മാണം നടത്തുന്നതെന്നാണ് ആരോപണം. ഏലത്തോട്ട പാട്ടവസ്തുവില്‍ ഏല കൃഷി മാത്രമെ അനുവാദമുള്ളൂ. എന്നാല്‍, നിയമം അട്ടിമറിച്ച് റിസോര്‍ടുകളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പെടെ വന്‍ നിര്‍മാണമാണ് നടക്കുന്നതെന്നാണ് വിവരം. വന്‍ മരങ്ങള്‍ വെട്ടി മണ്ണിട്ട് മൂടിയും കൂറ്റന്‍ പാറകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചുമാണ് നിർമാണം നടത്തുന്നതെങ്കിലും വനം വകുപ്പ് പോലും മൗനം തുടരുകയാണെന്നാണ് പരാതി.

തോട്ടുപുറേമ്പാക്ക് കൈയേറ്റവും ജില്ലയിൽ വ്യാപകമാണ്. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ സ്റ്റോപ്പ് മെമോ നല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന് റവന്യൂ, പഞ്ചായത് ജീവനക്കാര്‍ മാറിനില്‍ക്കുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Back to top button
error: