തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയുടെ പ്രചാരണാര്‍ഥം സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കോർപ്പറേഷൻ അഴിച്ചുമാറ്റാന്‍ ശ്രമിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തില്‍ ബി.ജെ.പി പ്രതിഷേധം.
പ്രതിഷേധത്തെത്തുടര്‍ന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം.
തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്പ്പറേഷന് വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. നീക്കം ചെയ്ത ബോര്‍ഡുകള്‍ കോര്പറേഷന് തിരിച്ചു കെട്ടിയതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.