
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുത്ത ദലിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. ഗുരുതരമായ പരിക്കേറ്റ 18 കാരി ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശര്‍ക്കര യൂണിറ്റിന്റെ ഉടമ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. പ്രമോദ് രാജു, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ബാഗ്പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് മുസാഫര്‍നഗര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അത് എതിര്‍ത്തപ്പോള്‍ ശര്‍ക്കര നിര്‍മിക്കുന്ന ചൂടുപാത്രത്തിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണ് പരാതി. യുവതിയെ കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. യുവതിയെ ജാതി അധിക്ഷേപം നടത്തിയ പ്രതികള്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയി.
സഹോദരന്റെ പരാതിയില്‍, പ്രതികളായ പ്രമോദ്, രാജു, സന്ദീപ് എന്നിവര്‍ക്കെതിരെ പീഡനശ്രമത്തിനും കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.






