
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍. അടൂര്ഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ടാണു ജോര്‍ജ് ഉണ്ണൂണ്ണി (73) കൊല്ലപ്പെട്ടത്. കൊലപാതകം ശ്വാസംമുട്ടിച്ചെന്നാണു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മുഖത്തു ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിലൊന്നില്‍ പൊട്ടലുള്ളതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകം നടന്നതു മോഷണത്തിനിടെയെന്ന് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണു ശരീരത്തിലുള്ളതെന്നു ജില്ലാ പൊലീസ് മേധാവി വി.അജിത് വ്യക്തമാക്കിയിരുന്നു. ജോര്‍ജ് ഉണ്ണൂണ്ണിയുടെ കഴുത്തിലുണ്ടായിരുന്ന 9 പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ചെന്നു കരുതുന്ന 2 കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കടയ്ക്കുള്ളില്‍നിന്നു കണ്ടെടുത്തു. ശരീരത്തില്‍ പുറമേ മറ്റു പരുക്കുകള്‍ കണ്ടിട്ടില്ല. മാലയുടെ കൊളുത്തു തറയില്‍നിന്നു ലഭിച്ചിട്ടുണ്ട്. മേശ വലിപ്പു തുറന്നു കിടക്കുന്ന നിലയിലാണ്.
ഇന്നലെ രാവിലെ ആരംഭിച്ച ഇന്‍ക്വസ്റ്റ് നടപടികള്‍ 12 മണിയോടെയാണു പൂര്‍ത്തിയായത്. പൊലീസ് നായ സംഭവ സ്ഥലത്തു നിന്നു മണം പിടിച്ചു 400 മീറ്റര്‍ അകലെ ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് ഇവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.






