അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് ഫെയ്‌സ്ബുക് അധികൃതര്‍ക്ക് കത്ത് കൈമാറിയത്. ‘എയ്‌ഞ്ചല്‍ പായല്‍’ എന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം.
കൊച്ചി കപ്പല്‍ശാലയിലെ ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച സംഭവത്തില്‍ അറസ്‌റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. ഫെയ്സ് ബുക്കിലൂടെ ‘എയ്ഞ്ചല്‍ പായല്‍’ എന്ന അക്കൗണ്ടിലേക്കാണ് അതീവ സുരക്ഷാ മേഖലയില്‍ ഉള്ള കപ്പലുകളെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഐഎൻഎസ് വിക്രാന്തിന്റേതടക്കമുള്ള ചിത്രങ്ങളും വിവരങ്ങളും കൈമാറിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാലാണ് അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഫെയ്‌സ്ബുക് അധികൃതര്‍ക്ക് കത്ത് കൈമാറിയത്.
അന്വേഷണത്തിൻ്റെ തുടക്കത്തില്‍ തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൂടുതല്‍ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മാര്‍ച്ച് മുതല്‍ ഡിസംബര്‍ 19 വരെയുള്ള കാലയളവിലായിരുന്നു പ്രതി ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.