ആധാർ വിവരങ്ങൾ ചോരുന്ന സാഹചര്യത്തിൽ ആധാർ അധിഷ്ഠിത പേയ്മെൻറ് സംവിധാനങ്ങളുടെ സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങൾ മോഷ്ടിച്ച് ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാർ കൊള്ളയടിക്കുന്നത്. എം ആധാർ ആപ്പ് അല്ലെങ്കിൽ യുഐഡിഎഐയിലൂടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ബാങ്ക് അകൗണ്ടുകളിലേക്കുള്ള തട്ടിപ്പുകാരുടെ കടന്നുകയറ്റം തടയണമെന്ന് നിർദേശിക്കുന്ന സന്ദേശങ്ങൾ ബാങ്കുകൾ നൽകുന്നുണ്ട്. ബയോമെട്രിക് ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്, ആധാർ ഉടമകൾക്ക് ബയോമെട്രിക് ലോക്കിംഗ് സേവനം ഉപയോഗപ്പെടുത്താം.
ആധാർ ഓൺലൈനിൽ എങ്ങനെ ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം:
1. UIDAI വെബ്സൈറ്റ് സന്ദർശിക്കുക .
2. ‘എന്റെ ആധാർ’ ടാബിലേക്ക് പോയി ‘ആധാർ സേവനങ്ങൾ’ തിരഞ്ഞെടുക്കുക.
3. ‘ആധാർ ലോക്ക്/അൺലോക്ക്’ തിരഞ്ഞെടുക്കുക.
4. ആധാർ നമ്പർ അല്ലെങ്കിൽ VID നൽകുക.
5. CAPTCHA പൂരിപ്പിച്ച് ‘OTP അയയ്ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
6. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.
7. സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന നാലക്ക സുരക്ഷാ കോഡ് നൽകിയ ശേഷം, ‘എനേബിൾ’ ക്ലിക്ക് ചെയ്യുക.
8. നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഇപ്പോൾ ലോക്ക് ചെയ്യപ്പെടും, ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യേണ്ടിവരും.
എം ആധാർ ആപ്പ് വഴി ആധാർ ബയോമെട്രിക്‌സ് എങ്ങനെ ലോക്ക് ചെയ്യാം?
1. എം ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. ആധാർ നമ്പർ രജിസ്റ്റർ ചെയ്യുക.
3. ഒടിപി നൽകി നാലക്ക പിൻ സെറ്റ് ചെയ്യുക.
4. ആധാർ പ്രൊഫൈൽ ആക്സസ് ചെയ്യുക.
5. സ്ക്രീനിന്റെ മുകളിലെ മൂലയിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക.
6. ‘ലോക്ക് ബയോമെട്രിക്സ്’ തിരഞ്ഞെടുക്കുക.
7. നിങ്ങളുടെ ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നതിന് നിങ്ങളുടെ നാലക്ക പിൻ നൽകുക.