LocalNEWS

മൂന്ന് പതിറ്റാണ്ട് മുൻപ് കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ച ജനസേവനം ഷാജി ഇനി ഓര്‍മ

കായംകുളം: കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ച ജനസേവനം ഷാജി ഇനി ഓര്‍മ. മൂന്ന് പതിറ്റാണ്ട് മുൻപ് കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചക്കഞ്ഞിയും പയറും സൗജന്യമായി നൽകിയിരുന്ന ജനസേവനം ഷാജി എന്ന പേരിൽ അറിയപ്പെട്ട നവാസ് ഷാ ഹുസൈൻ നിര്യാതനായി. കേരള കോൺഗ്രസ് (എം) വിഭാഗം ആദ്യ കാല നേതാക്കളിൽ ഒരാളും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പരേതനായ മുല്ലശ്ശേരിൽ ജലാലുദ്ദീന്‍റെ മകനാണ് ഷാജി.

ചിൽഡ്രൻസ് പാലസ് എന്ന പേരിൽ സ്കൂൾ നടത്തിയിരുന്ന ഷാജി, കായംകുളത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങൾ കായംകുളത്ത് തുടങ്ങിയതും ഷാജിയാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ യുവാക്കളെ സംഘടിപ്പിച്ച് നാടൻ പന്തുകളി മത്സരങ്ങളും വോളിബോൾ ടൂർണമെന്റും സംഘടിപ്പിച്ചിരുന്ന ഷാജിയുടെ പ്രവർത്തനങ്ങൾ കൊറ്റുകുളങ്ങരയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ആവേശമായിരുന്നു.

ഷാജി തുടങ്ങിവെച്ച ഉച്ചക്കഞ്ഞി വിതരണം പിന്നീട് നിരവധി സംഘടനകൾ ഏറ്റെടുത്തിരുന്നു. ഇന്ന് ഉച്ചക്കഞ്ഞി എന്നത് പൊതിച്ചോറിലേക്ക് എത്തിനിൽക്കുമ്പോൾ, ഷാജിയുടെ മനസ്സിൽ തോന്നിയ ആശയം ജനം പിന്നീട് ഏറ്റെടുത്തു എന്ന് തന്നെ പറയാം. ഭാര്യ: റംല ടീച്ചർ. മക്കൾ: അൽത്താഫ് ഷാ ജലാൽ (ഷാകുട്ടൻ), അഫ്നാൻ ഷാ (കുട്ടൻ കുഞ്ഞ്).

Back to top button
error: