കോഴിക്കോട്: മന്ത്രി വി അബ്ദുറഹ്മാന് മറുപടിയുമായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. മത സൗഹാർദ്ദതിനെതിരായ ഒരു വാക്ക് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നില്ല. മീഡിയ വളച്ചൊടിക്കുന്ന വാർത്ത കണ്ടു പ്രതികരിക്കേണ്ട ആളാണോ മന്ത്രി. തെറ്റിദ്ധരിച്ചതാണെങ്കിൽ മന്ത്രി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ അയാൾക്ക് എന്തവകാശമെന്ന് മന്ത്രി വിമർശിച്ചിരുന്നു. മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രി എന്ന നിലയിൽ തനിക്ക് അതാണ് അഭിപ്രായമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹമീദ് ഫൈസി രംഗത്തെത്തിയത്.
ബോധപൂർവമാണ് മന്ത്രി പറഞ്ഞതെങ്കിൽ ചില കാര്യങ്ങൾ പറയാനുണ്ട്. മത സൗഹാർദ്ദവും മതേതരത്വവും മന്ത്രിയിൽ നിന്നും പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല. മത നിയമങ്ങൾ പറയാൻ ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. അതനുസരിച്ചു മതബോധനം ഇനിയും തുടരും. മുസ്ലിംകളിൽ തീവ്രതയുടെ നാമ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ ചെറുക്കാൻ എസ്കെഎസ്എസ്എഫിൽ ഉണ്ടായിരുന്നയാളാണ് താനെന്നും ഹമീദ് ഫൈസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘സഹോദര സമുദായങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായ ആചാരങ്ങളും ആരാധനകളും നാം പകർത്തരുതെന്ന് പറയുന്നത് വർഗീയത യാണോ..?മതസൗഹാർദ്ദത്തിനെതിരാണോ..? ഇസ്ലാമിക പാരമ്പര്യമനുസരിച്ച് സൗഹൃദവും സഹിഷ്ണുതയും നിലനിർത്തണമെന്ന് കർശനമായി പോസ്റ്റിൽ തുടർന്ന് പറയുന്നുമുണ്ട്. അതിപ്രകാരം. “ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്ലാം അനുശാസിക്കുന്നു. വീട്ടിൽ ആടിനെ അറുത്താൽ അയൽക്കാരനായ ജൂതന് ആദ്യം നൽകണമെന്നായിരുന്നു പ്രവാചകാനുചരൻന്മാർ നിർദ്ദേശിച്ചിരുന്നത്.’ കേരളത്തിലെ മുസ്ലിം പാരമ്പര്യവും സൗഹൃദത്തിന്റേതാണല്ലോ. ഇതിനെതിരെ ഒരു വാക്ക് എങ്കിലും ഈ പോസ്റ്റിലോ, എന്റെ മറ്റേതെങ്കിലും ലേഖനങ്ങളിലോ, പ്രസംഗങ്ങളിലോ, എവിടെയെങ്കിലും ഉള്ളതായി മന്ത്രിക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ..? ഏതെങ്കിലും മീഡിയകൾ വളച്ചൊടിക്കുന്ന വാർത്ത കണ്ടു പ്രതികരിക്കേണ്ട ആളാണോ ഒരു മന്ത്രി..? തെറ്റിദ്ധരിച്ചതാണെങ്കിൽ മന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’. – ഹമീദ് ഫൈസി പറഞ്ഞു.