CrimeNEWS

ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡായി പാന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്ന് സന്ദേശം; നഷ്ടമായത് അരലക്ഷം രൂപ

കാസര്‍ഗോഡ്: ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തെന്ന അറിയിപ്പ് മൊബൈലില്‍ വന്ന ലിങ്കില്‍ കയറിയ ആള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ അരലക്ഷത്തോളം രൂപ നഷ്ടമായി. കാസര്‍കോട് സിവില്‍ സപ്ലൈസ് ഓഫീസിലെ ക്ലാര്‍ക്ക് കരിച്ചേരി ശാസ്താംകോട്ടെ വി. ജഗദീശനാണ് പണം നഷ്ടമായത്.

നവംബര്‍ 30-ന് രാവിലെ 11.15-നാണ് സംഭവം. ഗൂഗിള്‍പേ വഴി സുഹൃത്തിന് പണം അയക്കാന്‍ ശ്രമിച്ചപ്പോഴാണ് താങ്കളുടെ എസ്.ബി.ഐ. യോനോ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും പാന്‍കാര്‍ഡ് കെ.വൈ.സി. രേഖകള്‍ അപ്ഡേറ്റ് ചെയ്യണമെന്നുമുള്ള സന്ദേശം ശ്രദ്ധയില്‍പെടുന്നത്. ഇതിനായി ലിങ്കില്‍ കയറി പാന്‍കാര്‍ഡ് നമ്പറും അക്കൗണ്ട് വിവരങ്ങളും സമര്‍പ്പിച്ചപ്പോള്‍ കിട്ടിയ ഒ.ടി.പി. രേഖപ്പെടുത്തിയപ്പോഴാണ് 49,999 രൂപ ഒറ്റയടിക്ക് തട്ടിയത്.

Signature-ad

വീടിന്റെ വായ്പ അടയ്ക്കാന്‍ പി.എഫില്‍നിന്ന് വായ്പയെടുത്ത പണമാണ് നഷ്ടപ്പെട്ടത്. സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുമ്പോഴേക്കും തട്ടിപ്പുസംഘം മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി കണ്ടെത്തി. ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

മൊബൈലില്‍ ഇത്തരം സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് പോലീസും ബാങ്കുകളും നിരന്തരം ഓര്‍മപ്പെടുത്താറുണ്ടെങ്കിലും പലര്‍ക്കും അബദ്ധം സംഭവിക്കുന്നത് തട്ടിപ്പുസംഘങ്ങള്‍ക്ക് ചാകരയാകുന്നു. നേരത്തേ ഫോണ്‍നമ്പറുകളില്‍ വിളിച്ച് ബാങ്ക് വിവരങ്ങള്‍ തേടി പണം തട്ടിയിരുന്ന സംഘം അടിക്കടി പുതിയ രീതി പരീക്ഷിക്കുകയാണ്.

Back to top button
error: