KeralaNEWS

അയോധ്യാ വിഷയം തീരുമാനിക്കേണ്ടത് എഐസിസിയെന്ന് കെ.സുധാകരന്‍; തീരുമാനം ഉടനെന്ന് തരൂര്‍

കണ്ണൂര്‍: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം എഐസിസിയാണു തീരുമാനിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിഷയത്തില്‍ കെപിസിസിയല്ല തീരുമാനം എടുക്കേണ്ടതെന്നും ചോദിച്ചാല്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പറഞ്ഞത് അവരുടെ അഭിപ്രായമാണ്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതില്‍ പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എഐസിസിയാണു തീരുമാനിക്കേണ്ടത്. കെപിസിസി അല്ല. അത് അവിടെ തീരുമാനിക്കും. ഞങ്ങളോട് ചോദിച്ചാല്‍ അഭിപ്രായം പറയും. നിങ്ങള്‍ ഡല്‍ഹിയില്‍ പോയി ചോദിക്കൂ. സമസ്തയുടെ പരിപാടിക്കൊന്നും പ്രതികരിക്കാന്‍ ഞാനില്ല. അതെല്ലാം അവരുടെ പാര്‍ട്ടിയുടെ തീരുമാനം. ഞാനെന്തിനാ തീരുമാനിക്കുന്നത്. സമസ്തയുടെ തീരുമാനം ഞങ്ങളാണോ പറയേണ്ടത്. അത് സമസ്തയുടെ നയം” -അദ്ദേഹം പറഞ്ഞു.

Signature-ad

ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസ് ആര്‍ജവം കാണിക്കണമെന്നും കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തിലൂടെ വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന കെ.മുരളീധരന്‍ എംപിയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന്, അത് അദ്ദേഹത്തോട് ചോദിക്കൂവെന്ന് സുധാകരന്‍ പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ”സിപിഎമ്മിനു മതവിശ്വാസമില്ല. അപ്പോള്‍ സിപിഎമ്മിനു എളുപ്പത്തില്‍ തീരുമാനം എടുക്കാം. കോണ്‍ഗ്രസിനകത്ത് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രമല്ല, ബിജെപിയുടെ പ്രത്യയശാസ്ത്രവുമല്ല. നമ്മള്‍ ഹിന്ദുത്വയെ ഒരു രാഷ്ട്രീയ സിദ്ധാന്തമായി കാണുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട ഒരു വിശ്വാസമല്ല ഹിന്ദുത്വ. ഞങ്ങള്‍ സിപിഎമ്മുമല്ല, ബിജെപിയുമല്ല. ഞങ്ങള്‍ക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള സമയം തരൂ” -അദ്ദേഹം പറഞ്ഞു. മതവും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്താനാണു ബിജെപിയുടെ ശ്രമമെന്ന് ആരോപിച്ചു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം.

Back to top button
error: