ഹൈദരാബാദ്: തീര്‍പ്പാക്കാത്ത ട്രാഫിക് ചലാനുകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. ചലാനിലെ പിഴ തുകയില്‍ 60 മുതല്‍ 90 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 26 മുതല്‍ ജനുവരി 10 വരെയാണ്.
തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഉന്തുവണ്ടികള്‍ക്ക് 90 ശതമാനം വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. ചലാന്‍ തുകയുടെ 10 ശതമാനം മാത്രം ഇവര്‍ അടച്ചാല്‍ ബാക്കിയുള്ള 90 ശതമാനം എഴുതിത്തള്ളും.
തെലങ്കാന ആര്‍.ടി.സി.ഡ്രൈവര്‍മാര്‍ക്കും സമാനമായ ഇളവാണ് നല്‍കിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് ചക്ര വാഹനങ്ങള്‍ക്കും ചലാന്‍ തുകയില്‍ നിന്ന് 80 ശതമാനം ഇളവ് ലഭിക്കും. കാറുകള്‍, ട്രക്കുകള്‍ തുടങ്ങിയ മറ്റു വാഹനങ്ങള്‍ക്ക് 60 ശതമാനമാണ് ഇളവുള്ളത്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ ഭാഗമാണ് പെന്‍ഡിങ്ങിലുള്ള ട്രാഫിക് പിഴകളിലെ ഈ ഇളവ്.
തെലങ്കാന ട്രാഫിക് ഇ-ചലാന്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് ആനുകൂല്യം നേടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി തന്നെ പിഴയടയ്ക്കാനും സാധിക്കം.
2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 2.4 കോടി ട്രാഫിക് ചലാനുകള്‍ പിഴയടയ്ക്കാതെ തെലങ്കാനയില്‍ കെട്ടിക്കിടക്കുന്നുണ്ട്. 2022-ല്‍ മാത്രം രാജ്യത്തുടനീളം 4.73 കോടിയിലധികം ചലാനുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. 7563.60 കോടി രൂപയുടെ പിഴ വരുമിത്.
തെലങ്കാനയില്‍ വാഹന ഉടമകള്‍ക്ക് അവരുടെ ചലാന്‍ ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം അന്നത്തെ ബിആര്‍എസ് സര്‍ക്കാര്‍ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് 75% കിഴിവ് വാഗ്ദാനം ചെയ്തപ്പോള്‍ ബാക്കിയുള്ള വിഭാഗങ്ങള്‍ക്ക് 50% ചലാന്‍ തുക ഒഴിവാക്കി. 45 ദിവസം കൊണ്ട് 300 കോടി രൂപയാണ് ട്രാഫിക് പോലീസ് നേടിയത്. ഏകദേശം 65% ചലാനുകള്‍ ക്ലിയര്‍ അന്ന് ചെയ്തു.