ബംഗളൂരു: ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന്റെ പേരില്‍ ബയട്രായനപുരയിലെ മാളില്‍ ആക്രമണം നടത്തിയ തീവ്രസംഘടനാ പ്രവര്‍ത്തകരായ പുനീത് കേരെഹള്ളിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈയിടെ ആരംഭിച്ച ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചിരുന്നു. ഇതു മാറ്റി അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരെഹള്ളിയെയും സംഘവും മാളില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ഇവരെ പൊലീസ് എത്തിയാണു നീക്കിയത്.
സുരക്ഷാ ജീവനക്കാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും മാളിന്റെ സെക്യൂരിറ്റി മാനേജര്‍ സ്റ്റീഫന്‍ വിക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്ര രക്ഷണ പദെ എന്ന സംഘടനയുടെ തലവനാണ് പുനീത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 11 ക്രിമിനല്‍ കേസുകളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഇയാളെ ഗുണ്ടാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി വിട്ടയച്ചു. മാര്‍ച്ച് 31ന് കനക്പുര സാത്തന്നൂരില്‍ പുനീതിന്റെയും കൂട്ടാളികളുടെയും ആക്രമണത്തില്‍ കന്നുകാലി വ്യാപാരി ഇദ്രിസ് പാഷ(39) കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പുനീതിനെ രാജസ്ഥാനില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി.