KeralaNEWS

‘ഹൈക്കോടതി അവർക്ക് തോന്നുന്നത് പറയു’മെന്ന് മുഖ്യമന്ത്രി, ആരും രാജാവല്ലെന്നും തന്റെ വിധി മൂല്യം മുൻനിർത്തിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ: വാഗ്വാദം മറിയക്കുട്ടിയുടെ പെൻഷൻ കേസിൽ 

    മറിയക്കുട്ടിയാണ് ഇപ്പോൾ കോൺസിന്റെയും ബി.ജെ.പിയുടെയും തുറുപ്പ് ചീട്ട്. ക്ഷേമ പെൻഷൻ കുടിശികയുടെ പേരിൽ പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ മറിയക്കുട്ടിയെ നേരിട്ടു കാണാൻ  സാക്ഷാൽ സുരേഷ് ഗോപി മല കയറി ഇടുക്കിയിലെ അടിമാലിയിലെത്തി. രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ അവരെ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. ക്ഷേമ പെൻഷൻ കുടിശിക ആവശ്യപ്പെട്ട് ആദ്യം സമരം നടത്തുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ പേരിലുള്ള വാക്പോര് ഒടുവിൽ സർക്കാരും ഹൈക്കോടതിയും തമ്മിൽ  വരെ എത്തി നിൽക്കുന്നു.

‘മറിയക്കുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ല. ഹൈക്കോടതി അവർക്കു തോന്നുന്നതു പറയും. അതിൽ നടപ്പാക്കാൻ കഴിയുന്നതു സർക്കാർ നടപ്പാക്കും’  എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.

Signature-ad

വിഴിഞ്ഞത്തെ നവകേരള സദസ്സിൽ  മന്ത്രി സജി ചെറിയാനും മറിയക്കുട്ടിക്കെതിരെ വാളെടുത്തു:
‘മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായമുള്ളതുകൊണ്ടു മറ്റൊന്നും പറയുന്നില്ല.’

ഒടുവിൽ മുഖ്യമന്ത്രിക്കു മറുപടിയുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രംഗത്തെത്തി.

തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ആരെന്തു വിചാരിച്ചാലും പറയാനുള്ളതു പറയുമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. ആരും രാജാവാണെന്നു കരുതരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊച്ചി കലൂരിൽ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യമന്ത്രിക്കു മറുപടി  പറഞ്ഞത്. ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ചു നടക്കുന്നതു നല്ല ശീലമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇതിനിടെ  നവകേരള സദസ്സിനെക്കുറിച്ചുള്ള മറിയക്കുട്ടിയുടെ സൂക്തവും മാധ്യമങ്ങൾ വാർത്തയാക്കി:
‘നവകേരള സദസ്സിൽനിന്ന് നാട്ടുകാർക്ക് ഒരു പ്രയോജനവും കിട്ടിയില്ല. നാട്ടുകാരുടെ കുറെ ചോര കുടിച്ചതല്ലാതെ ഇതിൽനിന്ന് ഒന്നും കിട്ടിയില്ല’ എന്നായിരുന്നു മറിയക്കുട്ടിയുടെ കണ്ടെത്തൽ.

Back to top button
error: