Social MediaTRENDING

ശാന്തരാത്രി, തിരുരാത്രി എന്ന ലോകപ്രശസ്ത ക്രിസ്മസ് ഗാനം പിറന്ന കഥ

1818 ഡിസംബര്‍ 24.ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കുള്ള ഓബേണ്‍ഡോര്‍ഫിലുള്ള സെയ്ന്റ് നിക്കോളസ് ദേവാലയത്തിലെ പുരോഹിതനായ ജോസഫ് മോര്‍ രാത്രിയിലെ ക്രിസ്മസ് ആരാധനയ്ക്കായി തയ്യാറെടുക്കുമ്ബോഴാണ് ഞെട്ടിക്കുന്ന ആ കാര്യം അറിഞ്ഞത്.

 ദേവാലയത്തിലെ ഓര്‍ഗൻ എങ്ങനെയോ ഉപയോഗശൂന്യമായിരിക്കുന്നു!

കഴിഞ്ഞ കുറെ ദിവസങ്ങളായി അവിടത്തെ ഗായകസംഘം പരിശീലിച്ചുവന്ന ഗാനങ്ങളെല്ലാം വൃഥാവിലായി എന്ന് തോന്നിപ്പോയ നിമിഷം. എന്നാല്‍ മനുഷ്യന്റെ പ്രശ്നങ്ങളെല്ലാം ദൈവത്തിന്റെ അവസരങ്ങളാണെന്ന് കരുതുന്ന ശുഭാപ്തിവിശ്വാസിയായ ജോസഫ് മോര്‍ പ്രതീക്ഷ കൈവിട്ടില്ല.

പെട്ടെന്ന് തന്നെ ദേവാലയത്തിലെ ഓര്‍ഗന്റെ പശ്ചാത്തലസംഗീതം ഇല്ലാതെ പാടുവാൻ പറ്റുന്ന ഒരുഗാനം എഴുതാൻ അദ്ദേഹം തീരുമാനിച്ചു.ഇതിനായി രണ്ടുവര്‍ഷംമുൻപ് ജര്‍മൻ ഭാഷയില്‍  എഴുതിയ ഒരു ഗാനത്തില്‍ അദ്ദേഹം അല്പം മിനുക്കുപണികള്‍ നടത്തുകയുംചെയ്തു.

ലോകപ്രശസ്തമായ Silent night! Holy night! All is calm, all is bright എന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. പ്രാദേശിക സ്കൂള്‍ അധ്യാപകനായിരുന്ന ദേവാലയത്തിലെ ഓര്‍ഗനിസ്റ്റായ ഫ്രാൻസിസ് സേവ്യര്‍ ഗ്രൂബററോട് ഗിറ്റാറില്‍ ലളിതമായ ഒരു ഈണം നല്‍കുവാൻ ജോസഫ് മോര്‍ ആവശ്യപ്പെട്ടു. ഗ്രൂബര്‍ പെട്ടെന്ന് തന്നെ മനോഹരമായ ഒരു സംഗീതം ഈ ഗാനത്തിനായി ചമച്ചു.

ഇന്ന്, സൈലന്റ് നൈറ്റ് ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്രിസ്മസ് കാരള്‍ ഗാനമാണ്. മുന്നൂറിലേറെ ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1838-ല്‍ പ്രസിദ്ധീകരിച്ച ഒരു ജര്‍മൻ കീര്‍ത്തനസമാഹാരത്തിലാണ് ഈ ഗാനം ആദ്യമായി അച്ചടിമഷിപുരണ്ടത്. തന്റെ ഗാനം ലോകപ്രശസ്തമാകുമെന്നറിയാതെ 1848 ഡിസംബര്‍ നാലിന്, ജോസഫ് മോര്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍മൂലം ഇഹലോകവാസം വെടിഞ്ഞു.

1863-ല്‍ ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 2011-ല്‍ യുനെസ്കോയുടെ പുരസ്കാരത്തിനു ഈ ഗാനം അര്‍ഹമായി.

മലയാളത്തിലെ ‘ശാന്തരാത്രി തിരുരാത്രി’ എന്നത് ഇതിന്റെ ചുവടു പിടിച്ചു നിർമ്മിച്ച ഒരു ഗാനമാണ്. 1979-ലെ ക്രിസ്മസ് ദിനത്തില്‍ റിലീസായ ജേസിയുടെ സംവിധാനത്തില്‍ പിറവികൊണ്ട ‘തുറമുഖം’ എന്ന ചലച്ചിത്രത്തിലാണ് ഈ ഗാനമുള്ളത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.കെ. അര്‍ജുനൻ ആണ്. ഗാനം ആലപിച്ചത് പ്രശസ്ത പിന്നണിഗായകൻ ജോളി ഏബ്രഹാമും സംഘവുമാണ്.

Back to top button
error: