ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇന്‍ഡ്യ മുന്നണിയിലെ നേതാക്കള്‍ നിര്‍ദേശിച്ചതില്‍ നിതീഷിന് നീരസമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ അദ്ദേഹവുമായി ഫോണില്‍ ചര്‍ച്ച നടത്തുന്നത്.
ചൊവ്വാഴ്ച ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതില്‍ കോണ്‍ഗ്രസിന്റെ നിലപാട് നിതീഷിന് മുന്നില്‍ രാഹുല്‍ വ്യക്തമാക്കിയെന്നാണ് ജനതാ ദള്‍ (യു) വൃത്തങ്ങള്‍ അറിയിക്കുന്നത്. മുന്നണിയുടെ ശക്തി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുവരും ഫോണില്‍ സംസാരിച്ചതായാണ് വിവരം.
ഇന്‍ഡ്യ മുന്നണി യോഗത്തില്‍ മമത ബാനര്‍ജിക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗയുടെ പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ച പിന്നീടാകാമെന്ന നിലപാടിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യ സഖ്യത്തിന്റെ വിജയത്തിനാണ് പ്രഥമ പരിഗണന. ആരാകും പ്രധാനമന്ത്രിയെന്ന ചര്‍ച്ച പിന്നീടാകാം. ലോക്‌സഭയില്‍ മതിയായ എം.പിമാരില്ലെങ്കില്‍ പിന്നെ പ്രധാനമന്ത്രി ചര്‍ച്ചകൊണ്ട് എന്ത് കാര്യം? ആദ്യം ഭൂരിപക്ഷം നേടിയെടുക്കലാണ് ലക്ഷ്യം. അതിന് ശേഷം കാര്യങ്ങള്‍ ജനാധിപത്യപരമായി തീരുമാനിക്കാമെന്നും ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.