തിരുവനന്തപുരം: മുന്‍ സ്പീക്കറെയും മുന്‍ വൈദ്യുതി മന്ത്രിയെയും സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഉദ്യോഗസ്ഥന്റെ പെന്‍ഷനില്‍ സര്‍ക്കാരിന്റെ കടുംവെട്ട്. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പിഎ ആയി വിരമിച്ച വി.പി.മുഹമ്മദലിയുടെ പെന്‍ഷനില്‍ നിന്നു പ്രതിമാസം 500 രൂപ കുറയ്ക്കാനുള്ള ഉത്തരവു സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.
2018ല്‍ പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണു മുഹമ്മദലി സമൂഹമാധ്യമത്തിലൂടെ വിമര്‍ശനം ഉന്നയിച്ചത്. ഇതു സംബന്ധിച്ചു പട്ടാമ്പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി 3000 രൂപ പിഴ ചുമത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സമൂഹമാധ്യമത്തിലെ പരാമര്‍ശം ഉചിതമല്ലെങ്കിലും ഗുരുതര സ്വഭാവമുള്ളതല്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു പെന്‍ഷനില്‍ നിന്ന് 500 രൂപ വീതം ഈടാക്കാന്‍ താല്‍ക്കാലിക തീരുമാനമെടുത്തു.
ബോധപൂര്‍വമായി സംഭവിച്ച തെറ്റല്ലെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്നും മുഹമ്മദലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, താല്‍ക്കാലിക തീരുമാനം അന്തിമ ഉത്തരവായി ഇപ്പോള്‍ പുറത്തു വിടുകയായിരുന്നു. സര്‍വീസിലിരിക്കെ സംഭവിച്ച വീഴ്ചകള്‍ക്കു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാറുണ്ടെങ്കിലും പെന്‍ഷന്‍ തുകയില്‍ ആജീവനാന്തം കുറവു വരുത്തുന്ന സംഭവങ്ങള്‍ അപൂര്‍വമാണെന്നു സര്‍വീസ് വിദഗ്ധര്‍ പറയുന്നു.
മുന്‍ മന്ത്രി എം.എം.മണിയുടെ ‘വണ്‍ ടു ത്രീ’ പ്രസംഗത്തെക്കുറിച്ചു സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണു മുഹമ്മദലിക്കെതിരായ ഒന്നാമത്തെ ആരോപണം. സ്പീക്കറായിരുന്ന സമയത്തു പി.ശ്രീരാമകൃഷ്ണന്‍ വിലകൂടിയ കണ്ണട വാങ്ങിയെന്ന വിവാദത്തിലുള്ള പോസ്റ്റാണ് അടുത്ത കുറ്റം. ഇരു പോസ്റ്റുകളും അദ്ദേഹം പിന്നീടു നീക്കം ചെയ്തിരുന്നു. ഇടതുപക്ഷ അനുകൂല കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്നു മുഹമ്മദലി.