കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീക്കാണ്. 24 ലക്ഷം രൂപയാണ് ചുരുങ്ങിയ കാലം കൊണ്ട് ലോഡ്ജിലൂടെ ലാഭമുണ്ടാക്കിയത്.
കഴിഞ്ഞ 9 മാസത്തിനിടെ 22,543 പേരാണ് താമസിച്ചതെന്ന് ഷീ ലോഡ്ജിന്റെ വിജയഗാഥ പങ്കുവെച്ച് മന്ത്രി എംബി രാജേഷ് പറഞ്ഞു. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്ന ലിബറാ എന്ന് പേരുള്ള ഹോട്ടലിന്റെ കെട്ടിടം ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അതാണ് നവീകരിച്ചെടുത്ത് ഷീ ലോഡ്ജാക്കി മാറ്റിയിട്ടുള്ളത്. മികച്ച സൗകര്യങ്ങളുള്ള ഷീ ലോഡ്ജിനോട് ചേര്‍ന്നുതന്നെ പത്തുരൂപയ്ക്ക് ഊണുകൊടുക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടലും പ്രവര്‍ത്തിക്കുന്നു.
വെറും നൂറു രൂപയാണ് ഒരു ദിവസത്തെ താമസത്തിന് ഷീ ലോഡ്ജ് ഈടാക്കുന്നത്. മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്‍മെറ്ററിയുമായി 160 പേര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.