നമ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലേ? അതൊക്കെ എങ്ങനെ അറിയാനാണ് എന്ന് പറയാൻ വരട്ടെ.. പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ? മരണസമയമൊക്കെ അറിയാനാകും. എങ്ങനെയെന്നല്ലേ ? അതിനുള്ള മാർഗം ഗവേഷകർ വികസിപ്പിച്ചു കഴിഞ്ഞു. എഐ അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന ടൂൾ വികസിപ്പിച്ചിരിക്കുകയാണ് ഡെന്മാർക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. ‘ലൈഫ്2 വെക്’ (life2vec) എന്നാണ് ഈ അൽഗോരിതത്തിന്റെ പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഇതിനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
പ്രൊഫസറായ സുൻ ലേമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിൽ പ്രവർത്തിച്ചത്. വ്യക്തികളുടെ ആരോഗ്യം, മാനസികാരോഗ്യം, ലിംഗഭേദം, വിദ്യാഭ്യാസം, ജോലി, വരുമാനം, പണമിടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ആയുസ് പ്രവചിക്കുന്ന എഐ ടൂളാണിത്. ചാറ്റ്ജിപിടിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമർ മോഡലുകൾ ഉപയോഗിച്ചാണ് ഇതിന്റെ വിവര വിശകലന ജോലികൾ നടക്കുന്നത്. വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ശ്രേണിയാക്കിയാണ് എഐയെ പരിശീലിപ്പിക്കുന്നത്. 2008 മുതൽ 2020 വരെയുള്ള കാലയളവിൽ ഡെൻമാർക്കിൽ നിന്നുള്ള ആറ് കോടിയാളുകളിലായി ഇതിന്റെ ഭാഗമായുള്ള പഠനം നടത്തിയിരുന്നു.
ഇതനുസരിച്ച് 2016 ജനുവരി ഒന്നിന് ശേഷമുള്ള വിവരങ്ങൾ കൃത്യതയോടെ പ്രവചിക്കാൻ ലൈഫ് 2 വെക്കിന് സാധിച്ചിട്ടുണ്ട്. പഠനവിധേയമായ പലരുടെയും മരണം പ്രവചിച്ചുവെങ്കിലും അക്കാര്യം അതാത് ആളുകളെ അറിയിച്ചിട്ടില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. മരണം പ്രവചിക്കുക എന്നതിനപ്പുറം മറ്റെതെങ്കിലും രീതിയിൽ ഈ ടൂൾ പ്രയോജനപ്പെടുത്താനാകുമോ എന്നത് വ്യക്തമല്ല. മനുഷ്യരുടെ ദീർഘായുസിനായി എങ്ങനെ ഈ ടൂൾ പ്രയോജനപ്പെടുത്താമെന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ലൈഫ് 2 വെക് ജനങ്ങൾക്കോ ഏതെങ്കിലും സ്ഥാപനങ്ങൾക്കോ ലഭ്യമാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.