NEWSWorld

അയല്‍ക്കാര്‍ ചന്ദ്രനിൽ എത്തിയിട്ടും പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല; ഇന്ത്യയെ പുകഴ്ത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അയല്‍ക്കാര്‍ ചന്ദ്രനിൽ എത്തിയിട്ടും പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമാബാദിൽ പിഎംഎൽ-എൻ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു നവാസ് ഷെരീഫിന്‍റെ വിമര്‍ശനം- “നമ്മുടെ അയൽക്കാർ ചന്ദ്രനിൽ എത്തിയിട്ടുണ്ട്. പക്ഷേ നമ്മള്‍ ഇതുവരെ ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല. നമ്മുടെ തകർച്ചയ്ക്ക് നമ്മളാണ് ഉത്തരവാദികള്‍. അല്ലാത്തപക്ഷം ഈ രാജ്യം മറ്റൊരു നിലയില്‍ എത്തുമായിരുന്നു”.

Signature-ad

നാലാം തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന നവാസ് ഷെരീഫ് പാകിസ്ഥാന്‍ നേരിട്ട വൈദ്യുത പ്രതിസന്ധിയെ കുറിച്ചും സംസാരിച്ചു- “2013ൽ കടുത്ത ലോഡ് ഷെഡിംഗ് ആയിരുന്നു. ഞങ്ങൾ വന്നു. അത് അവസാനിപ്പിച്ചു. രാജ്യത്തുടനീളമുള്ള തീവ്രവാദം അവസാനിപ്പിച്ചു. സമാധാനം പുനഃസ്ഥാപിച്ചു. കറാച്ചിയിൽ ഹൈവേകൾ നിർമ്മിച്ചു. വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗം ആരംഭിച്ചു”.

1993, 1999, 2017 വർഷങ്ങളിലായി മൂന്ന് തവണ അധികാരത്തിൽ നിന്ന് താന്‍ പുറത്താക്കപ്പെട്ടതായി നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി.നാല് വര്‍ഷത്തെ ലണ്ടന്‍ ജീവിതത്തിനു ശേഷമാണ് നവാസ് ഷെരീഫ് മടങ്ങിയെത്തിയത്. തനിക്കെതിരെയും പിഎംഎല്‍ എന്‍ നേതാക്കള്‍ക്കെതിരെയും വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സ്ത്രീകളുടെ പുരോഗതിക്ക് മുന്‍ഗണന നല്‍കിയാല്‍ മാത്രമേ രാജ്യം വികസിക്കൂ എന്ന് നവാസ് ഷെരീഫ് പറഞ്ഞു. സ്ത്രീകൾ വികസനത്തിന് തുല്യ പങ്കാളികളാകണം. സ്ത്രീകൾ പുരുഷന്മാരോടൊപ്പം ഈ രാജ്യത്തിനായി പ്രവർത്തിക്കുകയും മുന്നോട്ട് പോകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: