തിരുവനന്തപുരം: ബര്‍ണറും ഒരു ഷെഫും ഉണ്ടെങ്കില്‍ ഷവര്‍മ വില്‍ക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാര്‍ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഷവര്‍മാകേന്ദ്രങ്ങളില്‍ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി.
ഷവര്‍മസ്റ്റാളുകളുടെ എണ്ണവും എടുക്കും. പുതുവര്‍ഷത്തില്‍ ഷവര്‍മ കൊതിപ്പിക്കാന്‍ വരുമ്പോള്‍ ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ ‘ഷവര്‍മ മാര്‍ഗനിര്‍ദേശം’ പലരും മറന്ന സ്ഥിതിയാണ്.
ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഷവര്‍മയില്‍നിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാമെന്ന വീഡിയോയുമായിട്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശീലനത്തിറങ്ങിയത്. അവരുടെ ഫെയ്സ്ബുക്ക് പേജിലും വീഡിയോ ഉണ്ട്.
വീഡിയോയിലുള്ള പ്രകാരം പാചകം നടത്തുന്നില്ലെങ്കില്‍ വാങ്ങാന്‍ വരുന്നവര്‍ക്കും ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിക്കാം. നിലവില്‍ സംസ്ഥാനത്ത് എത്ര ഷവര്‍മ കേന്ദ്രങ്ങളുണ്ടെന്നതിന് കൃത്യമായ കണക്കില്ല.
പ്രധാന നിര്‍ദേശങ്ങള്‍
- ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, ഹെയര്‍ ക്യാപ്, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിക്കണം.
- മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വേണം.
- ഷവര്‍മ കോണ്‍ ഉണ്ടാക്കിയശേഷം ഉടന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം.
- ഇറച്ചി കൃത്യമായി വേവിക്കണം. എത്ര ബര്‍ണറുകളാണോ ഉള്ളത് അത് മുഴുവന്‍ പ്രവര്‍ത്തിപ്പിക്കണം.
- മയോണൈസ് ഉത്പാദനത്തിന് പച്ചമുട്ട ഉപയോഗിക്കാന്‍ പാടില്ല.
- ഷവര്‍മാകോണില്‍നിന്ന് ഇറച്ചി മുറിച്ചുമാറ്റുന്നതിനുള്ള കത്തി വൃത്തിയുള്ളതും അണുവിമുക്തവുമായിരിക്കണം.
ചെറുവത്തൂരില്‍ വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് 2022 മേയ് രണ്ടുമുതല്‍ ‘ഓപ്പറേഷന്‍ ഷവര്‍മ’ എന്നപേരില്‍ പരിശോധന ശക്തമാക്കിയിരുന്നു. രണ്ടുമാസം തുടര്‍ച്ചയായി 5605 ഷവര്‍മാകേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 214 സ്ഥാപാനങ്ങള്‍ പൂട്ടിച്ചു.
ശുചിത്വമില്ലാത്ത കാരണത്താല്‍ 162 എണ്ണവും പൂട്ടി. പൂട്ടിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ പിന്നീട് അനുമതി നല്‍കി. കട നടത്തിപ്പുകാര്‍ (എഫ്.ബി.ഒ.-ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍) സത്യവാങ്മൂലം നല്‍കണം. പിന്നീട് പരിശോധനയ്ക്ക് ശക്തി കുറഞ്ഞു. ഇപ്പോള്‍ മാസത്തില്‍ പരിശോധന നടത്തുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.