കൊച്ചി: ക്ഷേമ പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്നു ഭിക്ഷ യാചിക്കാന്‍ മണ്‍ചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എണ്‍പത്തേഴുകാരി, ഇടുക്കി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയില്‍ പെന്ഷന് മുടങ്ങിയതിനെതിരെ നല്കിയ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. അഞ്ചുമാസമായി വിധവ പെന്ഷന് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇതേത്തുടര്‍ന്ന് മരുന്ന് ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
”ഇതുവരെ ജൂലൈ മാസംവരെയുള്ള പെന്‍ഷനാണ് ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയില്‍നിന്നാണ് മരുന്നുള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ വാങ്ങിയിരുന്നത്. പെന്ഷന് മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. പെന്ഷന് തുകയില്‍നിന്നാണ് ചെലവുകള്‍ നടന്നിരുന്നത്. തനിക്ക് മൂന്നു മക്കളാണുള്ളത്. അവര്‍ പല സ്ഥലങ്ങളിലാണ് താമസം. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെന്ഷന് കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കില്‍ കുടിശ്ശിക തുക സംസ്ഥാനത്തിന് നല്‍കുന്നതിനായി നിര്‍ദേശിക്കണം. പെന്ഷന് കൃത്യമായി ലഭിക്കുന്നതിനായി ഇടപെടല്‍ വേണം” എന്നാണ് മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം കോടതി തേടിയിരുന്നു.