കുമളി: ശബരിമലക്ക് പോകാൻ ചെന്നൈയില്‍ നിന്നെത്തിയ വ്യാജ വാഹനം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുമളിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ 12 തീര്‍ഥാടകരുമായി എത്തിയ ട്രാവലര്‍ വാഹനമാണ് അധികൃതരുടെ പരിശോധനയില്‍ വ്യാജനാണെന്ന് കണ്ടെത്തിയത്.
വാഹനത്തിന്‍റെ ചുറ്റുമുള്ള നമ്ബരും ഓഫിസില്‍ നല്‍കിയ രേഖയും ഒന്നായിരുന്നെങ്കിലും ചെയിസ് നമ്ബര്‍, എഞ്ചിൻ നമ്ബര്‍ എന്നിവ വേറെയാണെന്ന് അധികൃതര്‍ കണ്ടെത്തി.അതിര്‍ത്തി ചെക്കു പോസ്റ്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ കെ.സി.മനീഷും സംഘവുമാണ് വാഹനം പിടികൂടിയത്.
തീര്‍ഥാടകര്‍ വാടകക്കെടുത്തതാണ് വാഹനം. തീര്‍ഥാടകരെ പിന്നീട് കുമളിയില്‍ നിന്നും രണ്ടു വാഹനങ്ങളിലായി ശബരിമലയിലേക്ക് അയച്ചു. പിടിച്ചെടുത്ത വാഹനവും ഡ്രൈവറെയും മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കൈമാറി.