KeralaNEWS

നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരസ്യങ്ങളിലൂടെ വിഭവസമാഹരണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയതിരുന്നു.

പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗനിര്‍ദേശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പണം നേരിട്ടോ റസീറ്റ് നല്‍കിയോ പിരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിഭവസമാഹരണം നടത്താനാണു പറഞ്ഞിട്ടുള്ളതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Signature-ad

നവകേരള സദസ്സില്‍ ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ടായിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

അതേസമയം, നവകേരള സദസ്സിന്റെ കൊല്ലം ജില്ലയിലെ പര്യടനം തുടരുകയാണ്. കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലാണ് മന്ത്രിസഭ ഇന്ന് പര്യടനം നടത്തുന്നത്.

 

 

Back to top button
error: